
പത്തനംതിട്ട: സ്ത്രീകള്‍ ആര്‍ത്തവകാലത്ത് മാലയിട്ട അയ്യപ്പന്മാരെ തൊടരുത് എന്ന് പറയുന്നതൊക്കെ ഇപ്പോള്‍ നടക്കുമോയെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. മുമ്പ് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ഒറ്റയ്ക്ക് ഇരിക്കുമായിരുന്നെങ്കിലും ഇപ്പോള്‍ 99 ശതമാനം സ്ത്രീകളും പ്രവൃത്തിചെയ്യുന്നിടത്താണ്, പുറംലോകത്ത്. ബസിലും തീവണ്ടിയിലും യാത്രയ്ക്കിടെ ഇത് സാധ്യമാകുമോയെന്നും ഉന്നത പദവിയില്‍ എത്തുന്ന സ്ത്രീയോട് ഈ കാലത്ത് ജോലികളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് പറയാനാകുമോയെന്നും അവര്‍ ചോദിച്ചു.
കുളിച്ചൊരുങ്ങി പോയാലും അമ്പലക്കുളത്തില്‍ മുങ്ങി ഈറനോടെ വേണം സ്ത്രീകള്‍ ക്ഷേത്രദര്‍ശനം നടത്താനെന്നുള്ള പഴയ കാഴ്ചപ്പാടിനു പിന്നില്‍ ചിലരുടെ സ്വാര്‍ഥ ലക്ഷ്യങ്ങളായിരുന്നുവെന്നും ശ്രീമതി പറഞ്ഞു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് വിശദീകരിക്കാന്‍ നടത്തിയ സ്ത്രീ അവകാശസംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അനുവദിച്ച അവകാശം വേണ്ടെന്നു പറഞ്ഞ് പ്രകടനം നടക്കുന്നത് കേരള ചരിത്രത്തില്‍ ഇതാദ്യമാണെന്നും അവര്‍ പറഞ്ഞു. മാറു മറയ്ക്കാനുള്ള അവകാശത്തിന് വേണ്ടി പോരാട്ടം നടന്ന സ്ഥലമാണ് കേരളം. നേടിയെടുത്ത സാമൂഹികമാറ്റങ്ങളെ പിന്നിലേക്കടിക്കുന്ന പ്രകടനങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്.
സതി നടത്താന്‍ അവകാശം വേണമെന്നു പറഞ്ഞ് നിരവധി സ്ത്രീകള്‍ പ്രക്ഷോഭത്തിന് വന്നിരുന്നതായി ശ്രീമതി ചൂണ്ടിക്കാട്ടി. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലാണ് ശബരിമല ക്ഷേത്രത്തില്‍ ലിംഗ സമത്വം വേണമെന്ന ആവശ്യവുമായി സ്ത്രീകള്‍ രംഗത്തിറങ്ങിയത്. സംഗമം തുടങ്ങുന്നതിനു മുമ്പു സദസിലുണ്ടായിരുന്ന ചില സ്ത്രീകള്‍ എല്ലാ പ്രായക്കാരായ സ്ത്രീകളെയും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെ എതിര്‍ത്തു ചാനലുകളിലൂടെ അഭിമുഖം നല്‍കിയത് നേതാക്കളെ ചൊടിപ്പിച്ചു. സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ചിലരായിരുന്നു തങ്ങള്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നില്ലെന്നും മറ്റും പ്രതികരിച്ചത്. ശബരിമലയില്‍ യുവതീപ്രവേശനത്തെ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായി ഒരിക്കലുമില്ലെന്ന നിലപാടാണ് സദസിലുള്ള സ്ത്രീകളില്‍ പലരും പ്രകടിപ്പിച്ചത്.
പിന്നെന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ചപ്പോള്‍ ആനുകൂല്യം കൈപ്പറ്റാനെന്നായിരുന്നു മറുപടി. എന്നാല്‍ ചാനലുകള്‍ തെറ്റിധരിപ്പിച്ചെന്ന പേരില്‍ ഇവര്‍തന്നെ പിന്നീടു തിരുത്തലുകളുമായി രംഗത്തുവന്നു. പത്തനംതിട്ടയിലെ സംഗമത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ ഹാജര്‍ വയ്പിച്ച ശേഷം വ്യാപകമായി രംഗത്തിറക്കിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു. മനസുകൊണ്ട് സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരാണ് സമരത്തിനെത്തിയതെന്നതിന്റെ തെളിവാണ് ഇവര്‍ നല്കിയ അഭിമുഖങ്ങളെന്നു ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് ചൂണ്ടിക്കാട്ടി.






