
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ വിശദീകരണമായി ഫ്രഞ്ച് വിമാനനിര്‍മ്മാണ കമ്പനി ഡാസോ ഏവിയേഷന്‍ രംഗത്ത്. ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ തെരഞ്ഞെടുത്തത് ഡാസോ ഏവിയേഷന്‍ തന്നെയാണെന്ന് കമ്പനി സിഇഒ എറിക് ട്രപിയര് പറഞ്ഞു. ആരേ പങ്കാളിയാക്കാമെന്ന് കമ്പനിക്ക് തന്നെ തീരുമാനിക്കാം.
കൈനറ്റിക്ക്, മഹീന്ദ്ര ബിറ്റിഎസ്എല് അടക്കം നൂറോളം കമ്പനികളുമായി കൂടിയാലോചന നടത്തിയശേഷമാണ് റിലയന്‍സിനെ തെരഞ്ഞെടുത്തതെന്നും സിഇഒ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡാസോ റിലയന്‍സ് എയറോസ്പേസ് ലിമിറ്റഡ് (ഡിആര്‍എഎല്‍) എന്ന കൂട്ടായ സംരംഭം തുടങ്ങിയത്.
ദീര്‍ഘകാലം ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ട് ഇതുകൊണ്ടാണ് സ്വകാര്യ കമ്പനിയുമായി പങ്കാളിത്തമുണ്ടാക്കിയത്. കമ്പനിയെ തിരഞ്ഞെടുത്തതിന് ബാഹ്യപ്രേരണകള്‍ ഒന്നുമില്ല. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കുകൊള്ളുന്നതില്‍ അഭിമാനിക്കുന്നുവെന്നും എറിക് ട്രപിയര് പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കുകൊള്ളുന്നതില്‍ അഭിമാനിക്കുന്നുണ്ടെന്നും ഫ്രഞ്ച് കമ്പനി അറിയിച്ചു.
വിമാന കരാര്‍ ലഭിക്കുന്നതിനുള്ള പ്രത്യുപകാരമായാണു ദസോ, റിലയന്‍സിനെ നിര്‍മാണ പങ്കാളിയായി തെരഞ്ഞെടുത്തതെന്നു കഴിഞ്ഞ ദിവസം ഒരു ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായാണ് ദസോ രംഗത്തുവന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി അഴിമതിക്കാരനാണെന്നും റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരേ അന്വേഷണം വേണമെന്നുമുള്ള നിലപാടിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.






