
ചെന്നൈ: അഴിമതി ആരോപണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ സി.ബി.ഐ അന്വേഷണത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാനപാതയുമായി ബന്ധപ്പെട്ട കരാറുകള്‍ നല്‍കിയതില്‍ പളനിസ്വാമിക്കെതിരെ കേസെടുത്ത് അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പളനിസ്വാമിയാണ് സംസ്ഥാനപാത വകുപ്പ് കൈകാര്യം ചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം സി.ബി.ഐയ്ക്ക് കൈമാറാന്‍ വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം ഡയറക്ടറേറ്റിന് ഹൈക്കോടതി നിര്‍ദേശം നല്കി. അന്വേഷണത്തിലെ പ്രാഥമിക റിപ്പോര്‍ട്ട് സി.ബി.ഐ മൂന്നു മാസത്തിനകം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ കുറ്റം തെളിഞ്ഞിട്ടില്ലെന്നാണ് ഇക്കഴിഞ്ഞ ഒമ്പതിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നത്.
പളനിസ്വാമിക്കെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തണമെന്നായിരുന്നു ഡി.എം.കെ ആദ്യം ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായതിലാല് സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്ന് ഡി.എം.കെ പിന്നീട് കോടതിയില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട് കോടികളുടെ കരാര്‍ പളനിസ്വാമിയുടെ ബന്ധുക്കള്‍ക്ക് നല്‍കിയതില്‍ അന്വേഷണം വേണമെന്നാണ് ഡി.എം.കെയുടെ ആവശ്യം. പളനിസ്വാമിയുമായി ബന്ധമുള്ള പലരുടേയും വീടുകളിലും വസതികളും ആദായ നികുതി വകുപ്പ് ജൂലായില്‍ റെയ്ഡ് നടത്തിയിരുന്നു. എസ്.പി.കെ ആന്റ് കോ എക്സപ്രസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി നടരാജന് സെയ്യാദുരൈ ഉള്‍പ്പെടെയുള്ളവരുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. സെയ്യാദുരൈയുടെ പക്കല്‍ നിന്നും കണക്കില്‍പെടാത്ത 170 കോടി രൂപയും 100 കോടി രൂപയുടെ സ്വര്‍ണ്ണവും പിടിച്ചെടുത്തിരുന്നു.






