
തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനെതിരെയും ആഞ്ഞടിച്ച് വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്. നീതി നിഷേധം ഉയര്‍ത്തിക്കാട്ടി അമ്മയ്ക്കെതിരെ ഡബ്ല്യൂസിസി അംഗങ്ങള്‍ പൊട്ടിത്തെറിച്ച സാഹചര്യത്തിലാണ് ജോസഫൈന്റെ അതിരൂക്ഷ പ്രതികരണം.
അമ്മ എന്ന സംഘടനയുടെ നേതൃത്വത്തിലേക്ക് മോഹന്‍ലാല്‍ വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും, ആ പ്രതീക്ഷ അസ്ഥാനത്തായെന്നും ജോസഫൈന് പ്രതികരിച്ചു. മോഹന്‍ലാല്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണം.ആരാധകരെ നിലയ്ക്കു നിര്‍ത്തണം. നടിമാര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ അത്ഭുതം തോന്നുന്നില്ല. നടിമാര്‍ക്കെതിരെ അവഹേളനം പാടില്ലെന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പറയണമെന്നും ജോസഫൈന് ആവശ്യപ്പെട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ജോസഫൈന് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണനെതിരെയും ജോസഫൈന് തുറന്നടിച്ചു. ദിലീപിനെ വെച്ച് സിനിമ ചെയ്യുന്നതിനെയാണ് ജോസഫൈന് വിമര്‍ശിച്ചത്. കുറ്റാരോപിതനെവെച്ച് സിനിമ ചെയ്യുന്നവര്‍ നീതിബോധം കാട്ടണമെന്നും ജോസഫൈന് ചൂണ്ടിക്കാട്ടി.






