
പമ്പ: കോടതിവിധിയുടെ ചുവടുപിടിച്ച് ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന മുന്നറിയിപ്പുമായി തന്ത്രി കണ്ഠരര് രാജീവരര്. അയ്യപ്പദര്‍ശനത്തിന് യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി പമ്പയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തുലാമാസ പൂജകള്‍ക്കായി നട തുറക്കുന്നതിനായി സന്നിധാനത്തേക്ക് പുറപ്പെടുകയായിരുന്നു തന്ത്രി കണ്ഠരര് രാജീവരര്.
ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. അതിനിടെ, ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട ആന്ധ്രാസ്വദേശിയായ മാധവി (41) പമ്പയില്‍ നിന്ന് സ്വാമി അയ്യപ്പന്റോഡിലൂടെ 100 മീറ്ററില്‍ അധികം മുന്നോട്ടുപോയെങ്കിലും പോലീസിന്റെ സംരക്ഷണം കിട്ടാതെ വന്നതോടെ പ്രതിഷേധക്കാരെ ഭയന്ന് തിരിച്ചുപോരുകയായിരുന്നു.
പമ്പ ഗണപതി ക്ഷേത്രത്തിനു സമീപം രാജകുടുംബത്തിന്റെ ഇരിപ്പിടത്തില്‍ പ്രതിഷേധം നടത്തിയിരുന്ന തന്ത്രികുടുംബാംഗങ്ങളെ അടക്കമുള്ളവരെ അറസ്റ്റു ചെയ്തു നീക്കിയതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.






