
കരൂര്‍: മീടു ക്യാംപെയ്നു പിന്നില്‍ ലൈംഗീക വൈകൃതം മനസില്‍ കൊണ്ടുനടക്കുന്ന ചിലര്‍ ആണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്. തൊഴിലിടങ്ങളിലെ ലൈംഗീകാതിക്രമം പരസ്യമായി തുറന്നുപറയുന്ന മീടു മുന്നേറ്റത്തില്‍ വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവെച്ചതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി നേതാവുകൂടിയായ കേന്ദ്രമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.
പീഡനം നടന്ന് വര്‍ഷങ്ങള്‍ക്കു ശേഷം കുറ്റപ്പെടുത്തലുമായി രംഗത്തെത്തുന്നത് അത്ഭുകരമായ കാര്യമാണെന്നും പൊന്‍ രാധാകൃഷ്ണന് തുറന്നടിച്ചു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു സംഭവത്തെപ്പറ്റി ഇപ്പോള്‍ ആരോപണം ന്നയിച്ചാല് അതെങ്ങനെ ശരിയാകും? ഈ വിവാദത്തിലൂടെ ഇന്ത്യയുടെയും ഇവിടുത്തെ വനിതകളുടെയും പ്രതിച്ഛായ നശിപ്പിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വനിതകള്‍ക്കു സമാനമായി പുരുഷന്മാരും പരാതിയുമായി രംഗത്തു വന്നാല്‍ എങ്ങനെയുണ്ടാകുമെന്നും മന്ത്രി ചോദ്യമുയര്‍ത്തി.
അതേസമയം, തൊഴിലിടത്തില്‍ മാത്രമല്ല, സമൂഹത്തില്‍ എല്ലായിടത്തും വനിതകളെ തുല്യരായി കാണണമെന്നതാണ് കേന്ദ്രത്തിന്റെ നയമെന്നു കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. എന്നാല്‍ അക്ബറിന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ അദേഹം തയാറായില്ല. ലൈംഗീക ആരോപണം അന്വേഷിക്കുന്നതിന് എല്ലാ പാര്‍ട്ടികളും ആഭ്യന്തര പരാതി പരിഹാര സമിതികള്‍ക്കു രൂപം നല്‍കണമെന്ന് വനിതാ-ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധി ആവശ്യപ്പെടുന്നതിനിടെയാണ് പൊന്‍ രാധാകൃഷ്ണന്റെ വിവാദ പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട് ആറു ദേശീയ പാര്‍ട്ടികള്‍ക്കും 59 പ്രാദേശിക പാര്‍ട്ടികള്‍ക്കും മനേക കത്തെഴുതിയിട്ടുണ്ട്.






