
ന്യൂഡല്‍ഹി : പടക്കങ്ങളും പടക്ക നിര്‍മ്മാണവും രാജ്യവ്യാപകമായി പൂര്‍ണ്ണമായും നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഉപാധികളോടെ തള്ളി. ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം പൗരന്റെയും പടക്ക നിര്‍മ്മാതാക്കളുടെയും ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ്മാരായ എ.കെ സിക്രി, അശോക് ഭൂഷണ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അതേസമയം, ചില ഉപാധികള്‍ ഇക്കാര്യത്തില്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. മലിനീകരണം കുറഞ്ഞ പടക്കങ്ങള്‍ക്കു മാത്രമേ അംഗീകാരം ലഭിക്കൂ. ഇവ ഉപയോഗിക്കുന്നതിന് നിശ്ചിത സമയവും സ്ഥലവും ഉണ്ടായിരിക്കും. ദീപാവലി ആഘോഷങ്ങള്‍ക്ക് രാത്രി എട്ടു മുതല്‍ പത്തു വരെയും ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് രാത്രി 11.55 മുതല്‍ 12.30 വരെയും മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടുള്ളൂ. ലൈസന്‍സ് ഉള്ളവര്‍ മാത്രമേ പടക്കം വില്‍ക്കാവൂ. പടക്കങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.






