
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി 70 ട്രക്ക് കല്ലുകള്‍ ഉടന്‍ തന്നെ എത്തിക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര ഉപാധ്യക്ഷന്‍ ചമ്പത്ത് റായി. രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിഎച്ച്പി നേതാവിന്റെ അവകാശവാദം.
വിശ്വഹിന്ദുപരിഷത്ത് നിര്‍മ്മിക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃകയുണ്ടാക്കുന്ന തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമജന്മഭൂമി ബാബറി മസ്ജിദ് തര്‍ക്കത്തില്‍ ഒക്ടോബര്‍ 29ന് വരാനിരിക്കുന്ന സുപ്രീം കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
തൂണുകളും മറ്റും നിര്‍മ്മിക്കുന്നതിനായി കല്ലുകളും അനുബന്ധ സാമഗ്രികളും എത്തിക്കുന്നതിനായി നിര്‍ദ്ദേശം നല്‍കിയതായി വിഎച്ച്പി നേതാവ് അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് 70 ലോഡ് കല്ലുകളുമായുള്ള ട്രക്ക് ഉടന്‍ തന്നെ രാമജന്മഭൂമിയില്‍ എത്തുമെന്നും കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും വിഎച്ച്പി അന്താരാഷ്ട്ര ഉപാധ്യക്ഷന്‍ ചമ്പത്ത് റായി വ്യക്തമാക്കി.
വ്യാഴാഴ്ച മുതല്‍ പ്രദേശത്ത് ശക്തമായ പോലീസ് കാവലാണ് ഉള്ളത്. ജനക്കൂട്ടം എത്തുമോ എന്ന് സംശയിച്ച് രാമജന്മഭൂമിയിലേക്കുള്ള പാതകള്‍ അടച്ചിരിക്കുകയാണ്.






