
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിലെ അഭിപ്രായഭിന്നത മറനീക്കി. വിശ്വാസസംരക്ഷണത്തിനായി പ്രത്യക്ഷസമരത്തിനിറങ്ങുമെന്നു കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കുമ്പോള്‍, കൊടിപിടിച്ച് സമരത്തിനില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി യോഗത്തിനുശേഷമാണു മുല്ലപ്പള്ളി പ്രത്യക്ഷസമരം പ്രഖ്യാപിച്ചത്. എന്നാല്‍, കഴിഞ്ഞദിവസം രമേശ് ഈ നിലപാട് തള്ളി.
ശബരിമല വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാതെ, പാര്‍ട്ടി പരാജയപ്പെട്ടെന്നു രാഷ്ട്രീയകാര്യസമിതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പാര്‍ട്ടി നിലപാട് പൊതുസമൂഹത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നും സമരം ബി.ജെ.പി. റാഞ്ചിയെന്നുമായിരുന്നു ആരോപണം. യോഗത്തിലുയര്‍ന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണു പദയാത്ര ഉള്‍പ്പെടെ പ്രത്യക്ഷസമരമാരംഭിക്കാന് തീരുമാനിച്ചത്. ഇക്കാര്യം മുല്ലപ്പള്ളി പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍, ശബരിമല തന്ത്രിക്കും പന്തളം കൊട്ടാരത്തിനുമെതിരേ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തിനു മറുപടി പറയാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് രമേശ് തള്ളി. കൊടിപിടിച്ചുള്ള സമരത്തിനു കോണ്‍ഗ്രസ് ഇല്ലെന്നായിരുന്നു രമേശിന്റെ പ്രതികരണം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് തീരുമാനിച്ചതു വാഹന, കാല്നടപ്രചാരണജാഥകളാണ്. അതു സമരമായി വ്യാഖ്യാനിക്കാനാവില്ല. തുടക്കം മുതല്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാട് പ്രത്യക്ഷസമരം വേണ്ടെന്നാണ്.
അതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും രമേശ് വ്യക്തമാക്കി. പ്രത്യക്ഷസമരത്തെക്കുറിച്ചു മുല്ലപ്പള്ളി പറഞ്ഞതു ചൂണ്ടിക്കാട്ടിയപ്പോള്‍, അതു മാധ്യമപ്രവര്‍ത്തകര്‍ പറയിച്ചതാകാമെന്നായിരുന്നു മറുപടി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെ സമരത്തിനിറക്കാന്‍ മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്നു സംശയിക്കുന്നതായും രമേശ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ മാത്രമല്ല ഇടതുമുന്നണിയിലും ശബരിമലയിലെ യുവതീപ്രവേശന വിഷയം സര്‍വ്വത്ര ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആഞ്ഞടിക്കുകയും എന്‍.എസ്.എസും െഹെന്ദവ സംഘടനകളും നിലപാട് കടുപ്പിക്കുകയും ചെയ്തതോടെയാണ് ഇടതുമുന്നണിയിയിലും സംഘര്‍ഷം പുകഞ്ഞു തുടങ്ങിയിരിക്കുന്നത്. സി.പി.ഐ. നിഷ്പക്ഷ നിലപാട് എടുത്തപ്പോള്‍ ഇടതുമുന്നണിക്കൊപ്പമുള്ള കേരളാ കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള സര്‍ക്കാര്‍ നിലപാട് തള്ളി. എതിരഭിപ്രായമുള്ളവര്‍ സി.പി.എമ്മിലുമുണ്ട്, നേതൃത്വത്തെ ഭയന്ന് തുറന്നുപറയുന്നില്ലെന്നുമാത്രം.
പന്തളം രാജകുടുംബത്തെയും തന്ത്രിമാരെയും കടന്നാക്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനു പിന്തുണ കൊടുക്കേണ്ടെന്നും ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടെന്നുമാണ് സി.പി.ഐ. നേതൃത്വത്തിന്റെ തീരുമാനം. വിശ്വാസികളെ അവരുടെ വഴിക്കു വിട്ടേക്കാനാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്‍ദേശം. വിശ്വാസികളെയും സമുദായസംഘടനകളെയും പ്രകോപിപ്പിക്കരുതെന്ന് താഴേത്തട്ടിലേക്കു നിര്‍ദേശം പോയിട്ടുണ്ട്. വിശദീകരണ യോഗങ്ങളില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് അമിതാവേശം അരുതെന്നു മുന്നറിയിപ്പും നല്കി.
ഇടതുമുന്നണിയോടു ചേര്‍ന്നുനില്‍ക്കുന്ന, മുന്നോക്ക വികസന കോര്പ്പറേഷന് ചെയര്മാന് കൂടിയായ ബാലകൃഷ്ണപിള്ള എന്‍.എസ്.എസ്. നിലപാടിനെ പരസ്യമായി പിന്തുണച്ചു. താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് ഒരു ടിവി ചാനലിന്റെ പരിപാടിയില്‍ അദ്ദേഹം തുറന്നുപറഞ്ഞു. മല കയറാനെത്തിയ യുവതികളെ രൂക്ഷമായി വിമര്‍ശിച്ചു. പുനരവലോകന ഹര്‍ജിയില്‍ കോടതിവിധി മാറുമെന്നാണു പ്രതീക്ഷ.
പന്തളം രാജകുടുംബത്തിനു കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുള്ള അവസരമാണ് ഇതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മുഖ്യമന്ത്രി ആഞ്ഞടിക്കുമ്പോഴും സി.പി.എമ്മിലെ മറ്റു നേതാക്കള്‍ മിതത്വം പാലിക്കുകയാണ്. അതേസമയം, വിശദീകരണ യോഗങ്ങളില്‍ സ്ത്രീസാന്നിധ്യം പരമാവധി ഉറപ്പാക്കും. സുപ്രീം കോടതിവിധിക്കു സ്ത്രീകള്‍ എതിരാണെന്ന സംഘപരിവാര്‍ സംഘടനകളുടെ വാദം തെറ്റാണെന്നു വരുത്തുകയാണു ലക്ഷ്യം.






