
കണ്ണൂര്‍: സിപിഎം വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവ് യുവതിയുമായി വാട്സ് ആപ്പിലൂടെ നടത്തിയ അശ്ളീല സംഭാഷണം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇടതുഭരണത്തിന് മേല്‍ വാളായി തൂങ്ങുന്നു. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ ഭരിക്കുന്ന സാഹചര്യത്തിലാണ് ഭരണം തുലാസില്‍ ആടുന്നത്. അശ്ളീല ഫോണ്‍ സംഭാഷണം സിപിഎമ്മിലെ തന്നെ മറ്റൊരു കൗണ്‍സിലര്‍ ഔദ്യോഗിക ഗ്രൂപ്പില്‍ ഇട്ടതോടെ എല്ലാം കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്.
സിപിഎമ്മിനും കോണ്‍ഗ്രസിനും 27 വീതം സീറ്റുള്ള കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന് പി.കെ.രാഗേഷിന്റെ പിന്തുണയാണ് ഭരണം പിടിക്കാന്‍ സിപിഎമ്മിനെ സഹായിച്ചത്. ഒരാളുടെ വീഴ്ച പോലും എതിര്‍വിഭാഗത്തിന് മേല്‍ക്കൈ ഉണ്ടാക്കും എന്നിരിക്കെ സിപിഎമ്മിലെ വിഭാഗീകതയാണ് ഇപ്പോള്‍ തിരിച്ചടി ആയിരിക്കുന്നതും. സിപിഎം വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവ് പാര്‍ട്ടി രഹസ്യങ്ങള്‍ക്കൊപ്പം അശ്ളീലവും പങ്കുവെയ്ക്കുന്നത് ഗ്രൂപ്പില്‍ എത്തിയതോടെ വന്‍ വിവാദമാണ് ഉടലെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തി മേയറും ക്ളാര്‍ക്കും അഡ്മിന്മാരായ ഗ്രൂപ്പില്‍ വിവരം പങ്കുവെച്ചതും മറ്റൊരു സിപിഎം കൗണ്‍സിലര്‍ തന്നെയായിരുന്നു. ആകെ 55 കൗണ്‍സിലര്‍മാര്‍ വരുന്ന കോര്‍പ്പറേഷനില്‍ രണ്ടു വിഭാഗവും ചേര്‍ന്ന് തുല്യം സീറ്റുകള്‍ കൈവശം വെയ്ക്കുന്നു എന്നതിനാല്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത നിലയാണ്. നാണക്കേട് ഉണ്ടാക്കിയ കൗണ്‍സിലറോട് രാജി വെയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ ഒരു സീറ്റ് നഷ്ടമായി ഭരണം പോകും.
കുഴപ്പക്കാരനായ പ്രാദേശിക നേതാവിനെതിരേ പോലും നടപടിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് സിപിഎം. അങ്ങിനെ വന്നാല്‍ കൗണ്‍സിലറുടെ രാജിക്കായി മുറവിളി ഉയരാനുള്ള സാധ്യതയും നില നില്ക്കുന്നു എന്നതാണ് ആശങ്ക. എന്തായാലും കൗണ്‍സിലറുടെ ഭര്‍ത്താവിനെതിരേ കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ നിയമനടപടിയുമായി മുമ്പോട്ട് പോയിരിക്കുകയാണ്.






