ട്രംപിന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചൈനയും റഷ്യയും ചോര്‍ത്തുന്നു; എന്തുവില കൊടുത്തും ശബരിമലയില്‍ സ്ത്രീകളെ കയറ്റുമെന്ന് എം.എം മണി, അറിയാം പ്രധാന വാര്‍ത്തകള്‍
ട്രംപിന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചൈനയും റഷ്യയും ചോര്‍ത്തുന്നു; എന്തുവില കൊടുത്തും ശബരിമലയില്‍ സ്ത്രീകളെ കയറ്റുമെന്ന് എം.എം മണി, അറിയാം പ്രധാന വാര്‍ത്തകള്‍
Authored by Web Desk | Last updated: 25 Oct 2018, 3:27 PM | 2 min read
ട്രംപിന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചൈനയും റഷ്യയും ചോര്‍ത്തുന്നുവെന്ന് രഹസ്യ റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രധാന എതിരാളികളായ ചൈനയും റഷ്യയുമാണ് ചോര്‍ത്തലിന് പിന്നില്‍ എന്നാണ് യുഎസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
സ്വകാര്യ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളാണ് ചോര്‍ത്തുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. രാജ്യത്തിന്റെ നയതന്ത്രരഹസ്യങ്ങള്‍ മനസ്സിലാക്കുന്നതിനും ട്രംപിനെ തളര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയാനും ഫോണ്‍ ചോര്‍ത്തലിലൂടെ സാധിച്ചേക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം.
പ്രധാനമന്ത്രി നരേന്ദ്രമോഡി ദൈവത്തിന്റെ വരദാനം; ശിവരാജ് സിംഗ് ചൗഹാന്
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോഡി ദൈവത്തിന്റെ വരദാനമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ജനങ്ങളുടെ അനുഗ്രഹം ഇത്തവണയും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
നരേന്ദ്ര മോദി ജനങ്ങളുടെ ഹൃദയത്തിലുണ്ട്. നരേന്ദ്ര മോദിക്ക് പിന്നാലെയാണ് രാജ്യത്തെ ജനങ്ങളെന്നും കോണ്‍ഗ്രസിന് അദ്ദേഹത്തെ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം വിശദമാക്കി.
എന്തുവില കൊടുത്തും ശബരിമലയില്‍ സ്ത്രീകളെ കയറ്റും : എം.എം.മണി; രാജകുടുംബം പറയുന്നത് ആണും പെണ്ണും കെട്ട പറച്ചില്
വയനാട്: എന്തുവില കൊടുത്തും ശബരിമലയില്‍ സ്ത്രീകളെ കയറ്റുമെന്ന് പറഞ്ഞ് വൈദ്യുതി മന്ത്രി എംഎം മണി. പന്തളം രാജപ്രതിനിധികള്‍ വിഡ്ഢിത്തം പറയുകയാണെന്നും കൊട്ടാരം പ്രതിനിധികളുടേത് ആണും പെണ്ണും കെട്ട നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പുലന്പുകയാണ്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം. കൊഞ്ഞനംകുത്തിയിട്ടു കാര്യമില്ല. ശബരിമല ഞങ്ങളുടെ പൂര്‍വിക സ്വത്താണ്, സുപ്രീം കോടതി വിധി ലംഘിക്കുമെന്ന് അവര്‍ കോടതിയില്‍ പറയട്ടെ. ആണും പെണ്ണും കെട്ട പറച്ചിലല്ല വേണ്ടത്.' ഇവിടെ കിടന്നു കൊഞ്ഞനംകുത്തുകയും മെക്കിട്ടുകയറുകയും വേണ്ടെന്നും മന്ത്രി പറഞ്ഞു.
തങ്ങള്‍ ഉള്ളിടത്തോളം കാലം ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട സത്യം മൂടിവെക്കാനാകില്ല; സൗദി കിരീടാവകാശി
റിയാദ്: സൗദി അറേബ്യയിലെ വാഷിങ്ങ്ടണ്‍ പോസ്റ്റ് മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ ഖേദം രേഖപ്പെടുത്തി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന്. താനും സല്മാന് രാജാവും ഉള്ളിടത്തോളം കാലം ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട സത്യം മൂടിവെക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലപാതകത്തിന്റെ സത്യാവസ്ഥ അന്വേഷണത്തിലൂടെ ലോകത്തെ ബോധ്യപ്പെടുത്തുമെന്നും സൗദി കിരീടാവകാശി പറഞ്ഞു. റിയാദില്‍ നടന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമീര്‍ മുഹമ്മദ് ബിന്‍ സല്മാന്.
ഇടപ്പാടി സര്‍ക്കാരിന് ആശ്വാസം; എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു
ചെന്നൈ: 18 എംഎല്‍എമാരെ അയോഗ്യരാക്കിയ തമിഴ്നാട് സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റീസ് എ. സത്യനാരായണനാണ് വിധി പ്രസ്ഥാവിച്ചിരിക്കുന്നത്. വിധിയെത്തുടര്‍ന്ന് 18 മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ഇതോടെ ഇടപ്പാടി സര്‍ക്കാരിന് താത്കാലിക ആശ്വാസമാണുണ്ടായിരിക്കുന്നത്.
മദ്രാസ് ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും ഓരോന്നും തങ്ങള്‍ക്ക് ഒരു അനുഭവമാണ്. സത്യമെന്താണെന്ന് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് അറിയാമെന്നും ടിടിവി ദിനകരന് പറഞ്ഞു. എന്നാല്‍, കേസിന് അപ്പീല്‍ നല്‍കുമെന്നകാര്യത്തില്‍ വ്യക്തമല്ല. 18 എംഎല്‍എ മാരുമായി കൂടിയാലോചിച്ച ശേഷം തീരുമാനം പറയാമെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളെ നേരിടുവാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഏതു സാഹചര്യവും അഭിമുഖീകരിക്കാന്‍ തയ്യാറെന്നും വിധിയെപറ്റി ടിടിവി ദിനകരന് മാധ്യമങ്ങളോട് പറഞ്ഞു.