
പാലക്കാട്: പ്രളയത്തിന്റെ പേരില്‍ ചെലവുചുരുക്കല്‍ അജണ്ഡയുമായി മുമ്പോട്ട് പോയ സര്‍ക്കാര്‍ വെള്ളപ്പൊക്കം ശബരിമലയ്ക്ക് വഴിമാറിയപ്പോള്‍ ആഘോഷങ്ങളിലേക്ക്. ചരിത്രത്തിലെ ഏറ്റവും പകിട്ടുകുറഞ്ഞ സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കൊടിയിറങ്ങിയതിനു പിന്നാലെ, ശബരിമല വിഷയം കീറാമുട്ടിയായതോടെയാണു പ്രളയദുരിതാശ്വാസവും നവകേരളനിര്‍മാണവും മറന്ന്, സര്‍ക്കാര്‍ ''ശ്രദ്ധതിരിക്കല്‍'' ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നത്.
കോടികള്‍ പൊടിച്ച് ക്ഷേത്രപ്രവേശനവിളംബരത്തിന്റെ 82-ാം വാര്‍ഷികം മൂന്നുദിവസങ്ങളായി ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ സജീവമായി. വിപുലമായ ആഘോഷങ്ങള്‍ക്കായി ജില്ലകള്‍ തോറും മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘാടകസമിതികള്‍ രൂപീകരിച്ചുവരുകയാണ്. നവംബര്‍ 10, 11, 12 തീയതികളില്‍ നടക്കുന്ന ക്ഷേത്രപ്രവേശന വിളംബരാഘോഷത്തിനു കോടികളാണു പൊടിക്കുന്നത്.
ജില്ലാ കലക്ടര്‍മാരാണു സമിതി അധ്യക്ഷര്‍. പൊതുസമ്മേളനം, സാംസ്കാരികഘോഷയാത്ര, സെമിനാറുകള്‍, ചരിത്രപ്രദര്‍ശനം, കലാപരിപാടികള്‍, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയാണു ത്രിദിന ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ക്ഷേത്രപ്രവേശനവിളംബരത്തിന്റെ നവതിയാഘോഷം ഇനിയും എട്ടുവര്‍ഷം അകലെയാണെന്നിരിക്കേ, 82-ാം വാര്‍ഷികത്തിനു പെട്ടെന്നു െകെവന്ന പ്രത്യേകതയാണു ചര്‍ച്ചയാകുന്നത്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനു സ്വീകാര്യത കൂട്ടാനും ''നവോത്ഥാന പ്രതിഛായ'' െകെവരിക്കാനുമാണു സര്‍ക്കാര്‍ നീക്കം. സ്കൂള്‍ കലോത്സവം ഉള്‍പ്പെടെ ചെലവുചുരുക്കി നടത്താന്‍ തീരുമാനമെടുത്തിരിക്കേയാണിത്.
സാംസ്കാരികവകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പുരാരേഖ/പുരാവസ്തുവകുപ്പ്, ഗ്രന്ഥശാലാ പ്രസ്ഥാനം എന്നിവരാണു സംഘാടകര്‍. ഇതിനായി ഓരോ ജില്ലയ്ക്കും സര്‍ക്കാര്‍ പ്രത്യേകം ഫണ്ട് അനുവദിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ സംഘാടകസമിതിയില്‍ സജീവമാകണം. ഫലത്തില്‍, നവംബര്‍ 12 വരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആഘോഷത്തിനു പിന്നാലെയാകും.






