
കൊല്ലം: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി അസുഖബാധിതനായ മാതാവിനെ കണ്ടു. കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് മദനി മാതാവിനെ കണ്ടത്. രാവിലെ പത്തരയോടെ ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മദനിയെ കര്‍ശന സുരക്ഷയിലാണ് ശാസ്താംകോട്ടിയല് എത്തിച്ചത്.
അര്‍ബുദ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച്ച മുമ്പാണ് മദനിയുടെ മാതാവിനെ ശാസ്താംകോട്ടിയലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതാവിനെ കാണാന്‍ കോടതി മദനിക്ക് ജാമ്യവ്യസ്ഥകളില് ഇളവ് അനുവദിച്ചിരുന്നു. ഇന്ന് രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മദനിയെ സ്വീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തി. മദനിക്ക് പരസ്യ പ്രതികരണത്തിന് വിലക്കേര്‍പ്പെടുത്തിയ കോടതി വിധിയില്‍ പ്രതിഷേധിച്ച് വാ മൂടിക്കെട്ടിയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്.
പോലീസിന്റെ കര്‍ശന സുരക്ഷയില്‍ റോഡ് മാര്‍ഗമാണ് മദനി ശാസ്താംകോട്ടയില്‍ എത്തിയത്. ഒരു മണിയോടെ ആശുപത്രിയില്‍ എത്തിയ മദനി മാതാവിനെ കണ്ടു. ശേഷം മദനി അന്‍വാറശ്ശേരിയിലെ വീട്ടിലേക്ക് പോയി. അടുത്ത മാസം നാല് വരെ കേരളത്തില്‍ കഴിയാനാണ് കോടതി അനുമതി നല്‍കിയത്. നാലിന് വിമാനം മാര്‍ഗം മദനി കര്‍ണാടകയിലേക്ക് മടങ്ങും.






