
ന്യൂഡല്‍ഹി : പാക്കിസ്ഥാന് അധിനിവേശ കശ്മീരിലെ ഹാജിറ സൈനിക കേന്ദ്രത്തിനു നേര്‍ക്ക് നടത്തിയ ആക്രമണത്തിനു പിന്നാലെ ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രതയോടെ കരസേന. മഞ്ഞുവീഴ്ച ആരംഭിക്കുന്നതിനു മുന്‍പ് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ പദ്ധതിയിട്ട് നൂറുകണക്കിനു ഭീകരര്‍ നിയന്ത്രണരേഖയ്ക്കപ്പുറമുള്ള താവളങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് സേനയുടെ വിലയിരുത്തല്‍.
പാക്കിസ്ഥാനില്‍ നിന്ന് ആക്രമണമുണ്ടായേക്കുമെന്ന നിഗമനത്തില്‍ അതിര്‍ത്തിയിലുടനീളം സുരക്ഷ ശക്തമാക്കി. പാക്ക് സേനയുടെയും ചാര സംഘടനയായ ഐഎസ്ഐയുടെയും വിദഗ്ധ പരിശീലനം ലഭിച്ചവരാണിവര്‍. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിലെ 4 ഭീകരര്‍ നുഴഞ്ഞുകയറി കശ്മീര്‍ താഴ്വരയിലെത്തിയതായും സൂചനയുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേന, ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ അതിര്‍ത്തി മേഖലകളില്‍ നിരന്തരം സന്ദര്‍ശനം നടത്തുന്നുണ്ട്.
അതേസമയം, പാക്ക് സേനാ ബ്രിഗേഡ് ആസ്ഥാനത്തിനു നേര്‍ക്ക് പീരങ്കി ഉപയോഗിച്ച് ഇന്ത്യ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 23നു പൂഞ്ചില്‍ ഇന്ത്യന്‍ സേനാ താവളത്തിനു നേര്‍ക്കു നടത്തിയ ഷെല്ലാക്രമണത്തിനുള്ള മറുപടിയാണിതെന്നു സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. ദീപാവലിയോടനുബന്ധിച്ചു പാക്കിസ്ഥാനില്‍ നിന്ന് ഷെല്ലാക്രമണം വര്‍ധിച്ചേക്കുമെന്നാണു സൂചന.
അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ കൃഷിഭൂമിയില്‍ വിളവെടുപ്പ് നടക്കുന്നതിനാല്‍ കര്‍ഷകരെ ലക്ഷ്യമിട്ടും പാക്ക് സേന ആക്രമണം നടത്തുന്നുണ്ട്. കര്‍ഷകര്‍ക്കു സുരക്ഷയൊരുക്കാന്‍ സൈനികര്‍ക്കു സേനാ നേതൃത്വം നിര്‍ദേശം നല്കി.






