
ചന്ദ്രനില്‍ പോയാലും മലയാളിയുടെ ചായക്കടയുണ്ടാകും എന്നാണ് തമാശയായി നമ്മള് പറയുന്നത്. പലപ്പോഴും ഇത് ശരിയുമാണ്. ഇപ്പോഴിതാ ധ്രുവക്കരടികളുടെ നാട്ടില്‍ നിന്നുള്ള ഒരു മലയാളിയാണ് വൈറാകുന്നത്. രോഹിത് ജയചന്ദ്രന് എന്ന യുവാവാണ് ഇത്. ലോകമെങ്ങുമുള്ള മലയാളികളെ കോര്‍ത്തിണക്കിയുള്ള മലയാളം മിഷന്റെ പരിപാടിയുടെ ഭാഗമാവാന്‍ ഒരുങ്ങുകയാണ് പാലക്കാടുകാരന്‍ രോഹിത് ജയചന്ദ്രന്.
ഉത്തരധ്രുവത്തിന് 1000 കിലോമീറ്റര്‍ അകലെയാണ് മറൈന്‍ എഞ്ചിനീയറായ രോഹിത് താമസിക്കുന്നത്. ധ്രുവക്കരടികളെ കാണാമെന്ന മോഹവുമായി ലോങ്ഇയര്ബന്നില് ഉപരിപഠനത്തിന് ചേര്‍ന്ന രോഹിതിന് ആ സ്വപ്നം മാത്രം ഇതുവരെ സാധിക്കാനായില്ല. 3000 പേര് മാത്രമാണ് രോഹിതിന്റെ ഗ്രാമത്തിലുള്ളത്. മനുഷ്യരെക്കാള്‍ കൂടുതല്‍ കരടികളായതിനാല് പുറത്തിറങ്ങുന്നത് വളരെ ശ്രദ്ധിച്ചാണെന്നും ഈ ചെറുപ്പക്കാരന് പറയുന്നു.
നവംബര്‍ ഒന്ന് മുതല്‍ നാലുവരെ ലോകമെങ്ങും നടക്കുന്ന മലയാളദിനത്തില്‍ ഭാഷാ പ്രതിജ്ഞ ചൊല്ലിയാണ് രോഹിത് പങ്കു ചേരുന്നത്. കവി കെ സച്ചിദാനന്ദനാണ് ഭാഷാ പ്രതിജ്ഞ തയ്യാറാക്കുന്നത്. പരിപാടിക്ക് പിന്തുണയര്‍പ്പിച്ച് ഉത്തരധ്രുവത്തില്‍ നിന്നുള്ള സെല്‍ഫി വരെ രോഹിത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകമെങ്ങുമുള്ള മലയാളികള്‍ പരിപാടിയില്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.






