
സിംഗപ്പൂര്‍: ഇറാനുമേല്‍ അമേരിക്കയുടെ ഉപരോധം തുടരുന്നതിനിടെ ഇന്ത്യ അടക്കം എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്നും അസംസ്കൃത എണ്ണ വാങ്ങുന്നതിന് അമേരിക്കയുടെ അനുമതിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന് എന്നിവയടക്കമുള്ള സഖ്യരാജ്യങ്ങള്ക്കാണ്അനുമതി. നവംബര്‍ അഞ്ചു മുതല്‍ ഇറാനുമേല്‍ വീണ്ടും ഉപരോധം കൊണ്ടുവരാനിരിക്കേയാണ് അതിനു ശേഷവും എണ്ണ വാങ്ങലിന് അനുമതി നല്‍കിയിരിക്കുന്നത്.
എണ്ണ വില്‍പ്പന വഴിയുള്ള ഇറാന്റെ വരുമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇറാനിയന്‍ എണ്ണയുടെ പ്രധാന ഇറക്കുമതികാരായ ചൈന ഉപരോധത്തില്‍ ഇളവുകള്‍ തേടി അമേരിക്കയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ മറ്റു നാലു രാജ്യങ്ങള്‍ ഏവയാണെന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഒഴിവാക്കണമെന്ന് കാണിച്ച് രേഖാമൂലമുള്ള ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അത്തരം ചില അഭ്യൂഹങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും തുര്‍ക്കി പ്രതികരിച്ചു. എന്നാല്‍, അമേരിക്ക ഇപ്പോള്‍ നല്കുന്ന ഈ ഇളവ് താത്ക്കാലികമാകാമെന്നും വൈകാതെ അവരിലേക്കുംഇത് നടപ്പാക്കിയേക്കുമെന്നും അത് അനന്തമായി നീളാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
യു.എസ് ഉപരോധം തുടര്‍ന്നാല്‍ ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി ഈ വര്‍ഷം അവസാനത്തോടെ പ്രതിദിനം 1.15 മില്യണ്‍ ബാരല്‍ വച്ച് കുറയാന്‍ സാധ്യതയുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാക്സ് കരുതുന്നു.






