
ശബരിമല: ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയുടെ അവകാശവാദം തള്ളി ശബരിമല തന്ത്രി. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുന്നത് സംബന്ധിച്ച് താന്‍ ആരോടും നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് മാധ്യമത്തോട് വ്യക്തമാക്കി. കോഴിക്കോട് യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തന്ത്രി കണ്ഠര് രാജീവര് തന്നോട് നിയമോപദേശം തേടിയിട്ടുണ്ടെന്ന് ശ്രീധരന് പിള്ള വെളിപ്പെടുത്തിയത്.
യുവതികള്‍ സന്നിധാനത്തിന് അടുത്തുവരെ എത്തിയ സാഹചര്യത്തിലാണ് തന്ത്രി നട അടച്ചിടുന്ന കാര്യം ഫോണില്‍ വിളിച്ച് ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. കോടതിയലക്ഷ്യം ആകുമോയെന്ന് തന്ത്രി ചോദിച്ചു. ഇല്ലെന്ന് താന്‍ മറുപടി നല്കി. അഥവാ പ്രശ്നമുണ്ടായാലും പതിനായിരങ്ങള്‍ തന്ത്രികുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് താന്‍ പറഞ്ഞു. താങ്കളുടെ വാക്ക് വിശ്വസിക്കുകയാണെന്ന് തന്ത്രി പറഞ്ഞതായും ശ്രീധരന് പിള്ള വെളിപ്പെടുത്തി.
എന്നാല്‍ ഇക്കാര്യം തള്ളിക്കൊണ്ടാണ് തന്ത്രി പ്രതികരിച്ചത്. കനത്ത പോലീസ് സുരക്ഷയില്ലായിരുന്നു തന്ത്രി. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് അദ്ദേഹത്തിന് വിലക്കുമുണ്ട്. അതിനിടെയാണ് തന്ത്രിയുടെ പ്രതികരണം.






