അഹമ്മദാബാദ്: ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കിയതിന് പിന്നാലെ ഗുജറാത്തും സമാനമായ പേരുമാറ്റത്തിന് ഒരുങ്ങുന്നു. നിയമപരമായ കുരുക്കുകള്‍ ഒന്നുമില്ലെങ്കില്‍ സംസ്ഥാനത്തെ പ്രധാന നഗരമായ അഹമ്മദാബാദിന്റെ പേര് മാറ്റി കര്‍ണാവതി എന്നാക്കുന്നതിനാണ് ഇപ്പോള്‍ പദ്ധതിയൊരുങ്ങുന്നത്.
ലോകപൈതൃക പട്ടികയില്‍ പേരുള്ള നഗരത്തിന്റെ പേരുമാറ്റുന്നതിനെക്കുറിച്ച് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിഥിന് പട്ടേല്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 'അഹമ്മദാബാദിനെ കര്‍ണാവതിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. നിയമതടസ്സങ്ങള്‍ മറികടക്കുന്നതിന് ആവശ്യമായ പിന്തുണ ലഭിച്ചാല്‍ പേരുമാറ്റാന്‍ ഒരുക്കമാണ്' നിഥിന് പട്ടേല്‍ വ്യക്തമാക്കി.
11ാം നൂറ്റാണ്ടി ആസാവല്‍ എന്നറിയപ്പെട്ടിരുന്ന അഹമ്മദാബാദ് പിന്നീട് ചാലൂക്യ രാജാവ് യുദ്ധത്തില്‍ തോല്‍പ്പിച്ച് സബര്‍മതി നദീതീരത്ത് കര്‍ണാവതി നഗരം സ്ഥാപിക്കുകയായിരുന്നു. പിന്നീട് 1411ല്‍ സുല്‍ത്താന്‍ അഹമ്മദ് ഷാ കര്‍ണാവതിക്ക് സമീപം മറ്റൊരു നഗരം സ്ഥാപിച്ച് അഹമ്മദാബാദ് എന്ന് പേരും നല്‍കുകയായിരുന്നു.
ആവശ്യമായ സമയത്ത് നഗരത്തിന്റെ പേര് മാറ്റുമെന്ന് പട്ടേല്‍ പറഞ്ഞു. അതേസമയം, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതും അഹമ്മദാബാദിന്റെ പേരുമാറ്റുന്നതും ഹിന്ദു വോട്ടുകള്‍ ലഭിക്കുന്നതിനാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപി ഹിന്ദുക്കളെ ചതിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.






