
ചെന്നൈ : ചെന്നൈ എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 2100 കിലോഗ്രാം പട്ടിയിറച്ചി പിടികൂടി. രാജസ്ഥാനില്‍ നിന്നും ജോഡ്പുര്‍-മന്നര്‍ഗുഡി എക്സ്പ്രസില്‍ കൊണ്ടുവന്ന ഇറച്ചിയാണ് പിടികൂടിയത്. 11 പാഴ്സല്‍ പാക്കറ്റുകളിലാക്കി കൊണ്ടുവന്ന ഇറച്ചിയാണ് പിടികൂടിയത്. ഇത് ആര്‍ക്കുവേണ്ടി കൊണ്ടുവന്നതാണെന്നത് അന്വേഷിച്ചു വരികയാണ്.
ചെന്നൈയിലെ ഹോട്ടലുകളില്‍ പട്ടിയിറച്ചി വിളമ്പുന്നുണ്ടെന്ന് മുന്‍പും പരാതി ഉയര്‍ന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ട്രെയിനില്‍ കൊണ്ടുവന്ന പൂച്ചയിറച്ചിയും അധികൃതര്‍ ഇത്തരത്തില്‍ പിടികൂടിയിരുന്നു. അതേസമയം, ഇറച്ചി കൊണ്ടുപോകാന്‍ എത്തിയവര്‍ ഇത് ആട്ടിറച്ചിയാണെന്നും ലാബില്‍ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സ്റ്റേഷനില്‍ പ്രതിഷേധിച്ചു.
രാജസ്ഥാന് ഇറച്ചി എന്ന പേരില്‍ ചെന്നൈയില്‍ കുറഞ്ഞ വില്ക്ക് വില്ക്കാന് കൊണ്ടുവന്ന ഇറച്ചിയാണ് പിടികൂടിയത്. ഇന്നലെ ട്രെയിനില്‍ കൊണ്ടുവന്ന പെട്ടികള്‍ എഗ്മൂറിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് ഇറക്കിയത്. പെട്ടികളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ പാഴ്സല്‍ നീക്കാന്‍ അനുവദിച്ചില്ല. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് പട്ടിയിറച്ചിയാണെന്ന് കണ്ടെത്തിയത്.






