
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച സാവകാശ ഹര്‍ജ്ജിയില്‍ വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെടില്ല. കേസ് ഇന്ന് കോടതിയില്‍ ഉന്നയിക്കില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കിയത്.
സുരക്ഷയൊരുക്കിയിട്ടും ശബരിമലയില്‍ യുവതികളായ തീര്‍ത്ഥാടകരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്ന സാഹചര്യമാണ്. തെമ്മാടിത്തവും അധിക്രമങ്ങളും മാധ്യമങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നുവെന്നും സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം തേടി നല്കിയ അപേക്ഷയില്‍ ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു.
സ്ത്രീപ്രവേശനവിധിക്കെതിരെ ചില വ്യക്തികളില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായി. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോള്‍ കുറച്ച് സ്ത്രീകള്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ക്ക് തിരിച്ചുപോകേണ്ടിവന്നു. ആയിരത്തോളം സ്ത്രീകള്‍ ഈ സീസണില്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. പ്രളയത്തില്‍ തകര്‍ന്ന നിര്‍മ്മാണങ്ങള്‍ ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല. ശബരിമലയിലെ നിര്‍മ്മാണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും ഉണ്ട്. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സാവകാശം അനുവദിച്ച് ഉത്തരവിറക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലുള്ളത്.






