
ശബരിമല: പമ്പയില്‍ തടഞ്ഞത് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനമല്ലെന്നും അകമ്പടി വാഹനങ്ങളില്‍ അവസാനം പോയ കാറാണെന്നും പോലീസ്. ഈ വാഹനത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു നടപടി. എന്താണ് സംഭവിച്ചതെന്ന് പിന്നീട് മന്ത്രിക്ക് എഴുതിക്കൊടുത്തു എന്നും പോലീസ് വ്യക്തമാക്കി. മന്ത്രിയുടെ വാഹനം തടഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു വിശദീകണം. എസ്പി ഹരിശങ്കറായിരുന്നു വിശദീകരണം എഴുതി നല്‍കിയത്.
തടഞ്ഞ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് മന്ത്രിയെ വിളിച്ചുവരുത്തിയത്. പോലീസ് പിന്നീട് എന്താണ് സംഭവിച്ചതെന്ന് മന്ത്രിയോട് വിശദീകരിച്ചു. കാറില്‍ സംശയിച്ചയാള്‍ ഇല്ലെന്ന് എഴുതി നല്‍കുകയും ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുത്തയാള്‍ വാഹനത്തില്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു വാഹനം പരിശോധിച്ചത്. വാര്‍ത്ത പുറത്തുവന്നത് മന്ത്രിയുടെ വാഹനം തടഞ്ഞു എന്ന രീതിയിലാണ്. ഇന്ന് പുലര്‍ച്ചെയോടെ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് വെച്ച് മന്ത്രിയുടെ വാഹനം തടഞ്ഞെന്നായിരുന്നു വിവരം.
പോലീസ് നടപടിയെ തുടര്‍ന്ന് മന്ത്രിക്ക് അര മണിക്കൂറാണ് നഷ്ടമായത്. പുലര്‍ച്ചെ ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞുവെച്ചത്. ഇന്നലെ രാത്രി സന്നിധാനത്ത് നാമജപയജ്ഞം നടത്തിയ പൊന്‍ രാധാകൃഷ്ണനൊപ്പം 400 പേരോളം ശബരിമലയില്‍ എത്തിയിരുന്നു. ഇന്നലെ പമ്പയിലേക്കുള്ള മന്ത്രിയുടെ യാത്രയുടെ തുടക്കം മുതല്‍ കല്ലുകടിയായിരുന്നു. മന്ത്രിയുടെ സ്വകാര്യവാഹനം തടഞ്ഞ എസ്പി ഔദ്യോഗിക വാഹനം കടത്തിവിടുന്നതില്‍ തടസ്സമില്ലെന്ന് അറിയിക്കുകയായിരുന്നു.






