
ബംഗലുരു: ചേതനയറ്റ മകന്റെ ശരീരം കണ്ട് അമ്മമാര്‍ വിതുമ്പുന്നത് കാണാന്‍ മനക്കരുത്തില്ലെന്ന് സന്ദീപ് എപ്പോഴും പറയുമായിരുന്നു. അവന്റെ അമ്മയ്ക്ക് ഈ നഷ്ടം സഹിക്കാന്‍ കഴിയട്ടെ. പത്തുവര്‍ഷം മുമ്പ് മുംബൈ ഭീകരാക്രമണത്തിനിടെ പാക് ഭീകരരോട് ഏറ്റുമുട്ടി മരണം വരിച്ച എന്‍എസ്ജി കമാന്റോ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓര്‍മ്മകളില്‍ പിതാവിന്റെ അനുസ്മരണം ഇങ്ങിനെയായിരുന്നു.
''വരണ്ട...എല്ലാം ഞാന്‍ നോക്കിക്കൊള്ളാം...'' 2008 ല്‍ മുംബൈ നഗരത്തില്‍ 166 പേരുടെ ചോരയൊഴുകിയ സംഭവത്തില്‍ ലഷ്ക്കര്‍ ഇ തയ്ബ തീവ്രവാദികളോട് പോരാടുമ്പോള്‍ സന്ദീപ് സഹപ്രവര്‍ത്തകര്‍ക്ക് നല്കിയ അവസാന സന്ദേശം ഇതായിരുന്നു. തീവ്രവാദികള്‍ മനുഷ്യജീവനുകളെ തോക്കിന് മുനയില്‍ ഇല്ലാതാക്കുമ്പോള്‍ കുറ്റാക്കൂരിരുട്ടത്തായിരുന്നു സന്ദീപും കൂട്ടാളികളും തുരത്താന്‍ താജിനുള്ളിലേക്ക് കടന്നത്.
മുംബൈയിലേക്ക് സന്ദീപ് പോയ വിവരം പോലും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. താജിലേക്ക് തന്റെ ടീം തീവ്രവാദിവേട്ടയ്ക്ക് പോകുമ്പോള്‍ അത് സംബന്ധിച്ച ഒരു ചെറിയ വിവരം മാത്രമായിരുന്നു മകന് പിതാവിന് നല്‍കിയത്. എന്നാല്‍ ഒരിക്കലും ഓപ്പറേഷന് പോകുകയാണെന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴും സഹപ്രവര്‍ത്തകരായ കമാന്റോകള്‍ അത് സ്മരിക്കുന്നു.
മുംബൈയിലെ താജ് പാലസ് ഹോട്ടലില്‍ തമ്പടിച്ച തീവ്രവാദികളെ നേരിട്ട എന്‍എസ്ജി കമാന്റോകളെ നയിച്ചത് സന്ദീപ് ഉണ്ണികൃഷ്ണനായിരുന്നു. 2009 ജനുവരി 26 ന് അദ്ദേഹത്തെ അശോകചക്ര നല്കി രാജ്യം ആദരിക്കുകയും ചെയ്തു. എന്നും ദേശീയതയെ പിന്തുണച്ചിരുന്നയാളായിരുന്നു സന്ദീപ്. ദേശീയത എന്നാല്‍ രാജ്യത്തിന് എന്തെങ്കിലും ചെയ്യുക എന്നായിരുന്നു അദ്ദേഹം അര്‍ത്ഥമാക്കിയിരുന്നത്. അല്ലാതെ അതില്‍ നിന്നും നേട്ടം ഉണ്ടാക്കുക എന്നായിരുന്നില്ല. ക്രിക്കറ്റ്താരം സച്ചിനെ പോലെ എല്ലായ്പ്പോഴും വിജയം നേടണമെന്ന് ആഗ്രഹിക്കുന്നയാളായിരുന്നു സന്ദീപ്.
ഇന്ത്യ എപ്പോഴും എല്ലായിടത്തും ജയിച്ചു കൊണ്ടിരിക്കാന് അയാള്‍ ആഗ്രഹിച്ചു. ഇന്ത്യ ഒരു കളി തോറ്റാല്‍ പോലും അദ്ദേഹം നിരാശപ്പെടുമായിരുന്നു. നവംബര്‍ 26 മുതല്‍ 29 വരെയായിരുന്നു തീവ്രവാദികള്‍ മുംബൈ നഗരത്തെ കിടുകിടെ വിറപ്പിച്ചത്.
മകന് ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നതായി താന്‍ മനസ്സിലാക്കിയത് മരണശേഷമായിരുന്നെന്ന് ഉണ്ണികൃഷ്ണന് പറയുന്നു. അയാള്‍ പതിവായി ഒട്ടേറെ ചാരിറ്റബിള്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും അവയ്ക്ക് സംഭാവനകള്‍ നല്‍കുകയും ചെയ്തിരുന്നു. നല്ല ശമ്പളം വാങ്ങിയിരുന്ന ആളായിട്ടും മരണശേഷം അക്കൗണ്ടില്‍ 3000-4000 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിലകൂടിയ വസ്തുക്കള്‍ വാങ്ങുന്നത് കൊണ്ടായിരിക്കാം ഇതെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ ചെയ്തിരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സഹപ്രവര്‍ത്തകരായിരുന്നു പറഞ്ഞിരുന്നത്.
ഒരു സഹപ്രവര്‍ത്തകന്റെ പരിക്കുപറ്റി കിടന്നിരുന്ന മാതാവിനെ ചികിത്സിക്കാന്‍ വേണ്ട കാര്യമെല്ലാം വഹിച്ചിരുന്നത് സന്ദീപായിരുന്നെന്ന് പിന്നീട് അറിയുവാന്‍ കഴിഞ്ഞെന്നും പിതാവ് പറയുന്നു. ബംഗലുരുവിലെ സന്ദീപിന്റെ വീട് ഒരു വിര്‍ച്വല്‍ മ്യൂസിയമാണ്. മേജര്‍ നേടിയ ബാല്യകാല ട്രോഫികളും പാട്ടുകളുടെ ശേഖരവുമെല്ലാം പത്തുവര്‍ഷമായി ഇപ്പോഴും അതേപടിയുണ്ട്. എല്ലാ ഓര്‍മ്മദിനത്തിലും കൂട്ടുകാര്‍ വിളിക്കാറുണ്ട്.






