
ബംഗലുരു: മനുഷ്യക്കടത്തിന് ഇരകളെന്ന സംശയത്തെ തുടര്‍ന്ന് 32 മലയാളി നഴ്സുമാരെ ബംഗലുരു വിമാനത്താവളത്തില്‍ രക്ഷപ്പെടുത്തി. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. ജര്‍മ്മന്‍ഭാഷ പഠിക്കാനെന്ന വ്യാജേനെ അര്‍മീനിയയിലേക്ക് കടക്കാന്‍ ശ്രമിച്ചക്കുന്നതിനിടയില് ബംഗലുരുവിലെ കെംപാഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗമാണ് ഇടപെട്ടത്. മനുഷ്യക്കടത്തിന് ശ്രമിച്ച മലയാളിയെ അറസ്റ്റ് ചെയ്തു.
യൂണിവേഴ്സിറ്റി ഓഫ് ട്രാഡീഷണല് മെഡിസിന് അര്‍മീനിയ (യുടിഎംഎ) സര്‍വ്വകലാശാലയില്‍ ജര്‍മ്മന്‍ഭാഷ പഠിക്കാനുള്ള ഹൃസ്വകാല കോഴ്സിന് പോകാന്‍ എത്തിയവരായിരുന്നു ഇരകള്‍. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം നല്കിയ പരാതിയില്‍ ഇവരെ വിദേശത്തേക്ക് അയയ്ക്കാന്‍ എത്തിയ ടോമി ടോം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാംഗ്ളൂരില് നഴ്സിംഗ് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ യാത്രയയ്ക്കാന്‍ വന്നപ്പോഴാണ് ഇയാള്‍ പിടിയിലായത്.
ടോമിടോം മാംഗ്ളൂരില് നടത്തുന്ന എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം വിദേശ സര്‍വകലാശാലയില്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് ഒരു വിദ്യാര്‍ത്ഥിനിയില്‍ നിന്നും ഒരു ലക്ഷം രൂപയും വിമാനടിക്കറ്റ് ചാര്‍ജ്ജും ഈടാക്കിയിരുന്നതായി പോലീസ് പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിക്കുള്ള വിമാനത്തില്‍ അര്‍മീനിയയിലേക്ക് പെണ്‍കുട്ടികളെ അയയ്ക്കാന്‍ തിങ്കളാഴ്ച രാത്രി പെണ്‍കുട്ടികളെയും കൊണ്ടു വന്നതായിരുന്നു ഇയാള്‍. എന്നാല്‍ സംശയം തോന്നിയ ഇമിഗ്രേഷന്‍ വിഭാഗം അര്‍മീനിയയിലെ യൂണിവേഴ്സിറ്റി അത്തരം ഒരു കോഴ്സ് നടത്തുന്നുണ്ടോ എന്ന് അന്വേഷിക്കുകയും തുടര്‍ന്ന് ഇല്ലെന്ന് മനസ്സിലായതോടെ പോലീസിനെ വിളിക്കുകയും ആയിരുന്നു. ടോമിനെ മനുഷ്യക്കടത്തിന് അറസ്റ്റ് ചെയ്തു.
ഇരകളെ പിന്നീട് പോലീസിന് കൈമാറി. വൈദ്യശാസ്ത്രം പഠിപ്പിക്കുന്ന സര്‍വകലാശാലയാണ് അര്‍മീനിയയിലെ യുടിഎംഎ. അവിടെ ജര്മ്മന്ഭാഷയുടെ ഹൃസ്വകാല കോഴ്സ് പഠിപ്പിക്കാനെന്ന് പറഞ്ഞതാണ് സംഗതി മനുഷ്യക്കടത്താണോ എന്ന് ഇമിഗ്രേഷന്‍ വിഭാഗത്തിന് സംശയം ജനിപ്പിച്ചത്. അറസ്റ്റിലായ ടോമിന്റെ പശ്ചാത്തലങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്.
മലയാളിയായ ടോം മംഗലുരുവിലെ കന്കനഡിയിലാണ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഹോപിസിന് എഡ്യൂക്കേഷന്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം നടത്തുന്നത്. ജര്‍മ്മന്‍ സംസാരിക്കാന്‍ കഴിയുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ക്ക് വിദേശത്തെ മികച്ച ആശുപത്രിയില്‍ ജോലി വാങ്ങിക്കൊടുക്കുന്നെന്നും സ്ഥാപനത്തിന്റെ പരസ്യം ഇരകളില്‍ ഒരാള്‍ കാണുകയായിരുന്നു. യുടിഎംഎ യില്‍ ഹൃസ്വകാല ജര്‍മ്മന്‍ കോഴ്സ് പരിശീലിപ്പിക്കാന്‍ അയയ്ക്കുമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു.
വിദേശത്തേക്കുള്ള വിമാനടിക്കറ്റിനായി 30,000 രുപയും വിസയ്ക്കായി 1200 ഡോളറും ഓരോ പെണ്‍കുട്ടികളില്‍ നിന്നും ടോണി ടോം ഈടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. അര്‍മീനിയയിലെ യുടിഎംഎ യിലെ ഇല്ലാത്ത കോഴ്സിന്റെ പേരില്‍ ഇയാള്‍ പെണ്‍കുട്ടികളെ എന്തിനാണ് വിദേശത്തേക്ക് കൊണ്ടുപോകുന്നതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം രണ്ടുമാസത്തിന് ശേഷം അര്‍മീനിയയില്‍ നിന്നുള്ള മടക്കടിക്കറ്റ് വരെ ടോം വാഗ്ദാനം ചെയ്തിരുന്നതായിട്ടാണ് ഇരകള്‍ പറഞ്ഞത്.






