
സ്വയം ചോദിച്ചുനോക്കൂ....നിവര്‍ത്തിയുണ്ടെങ്കില്‍ നിത്യേനെയുള്ള ജിമ്മില്‍ പോക്ക് മുടക്കാന്‍ കാരണം കണ്ടുപിടിക്കാന്‍ മെനക്കെടുന്നവരാണ് നമ്മള്. എന്നാല്‍ കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ ചെയ്യാന്‍ നടന്ന് പോകുന്നത് ഉള്‍പ്പെടെ ശരീരത്തെ അനക്കാന്‍ വിട്ടാല്‍ കായികക്ഷമതയ്ക്ക് ജിമ്മില്‍ പോകണം എന്ന സങ്കല്‍പ്പത്തെ മാറ്റി വെയ്ക്കാമെന്നും ജിമ്മില്‍ പോയില്ലെങ്കില്‍ ഉണ്ടാകുന്ന അനാവശ്യ കുറ്റബോധത്തെ ഒഴിവാക്കാന്‍ പറ്റുമെന്നും ഏറ്റവും പുതിയ പഠനം സൂചിപ്പിക്കുന്നു.
ആഴ്ച ആറു മണിക്കൂര്‍ എന്ന കണക്കില്‍ നടക്കുകയാണെങ്കില്‍ ജിമ്മില്‍ പോകേണ്ട കാര്യമില്ലെന്ന് പറയുന്നത് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനമാണ്. ഈ പരിപാടി തന്നെ ഒട്ടുമിക്ക അസുഖങ്ങളെയും അകറ്റി നിര്‍ത്തി ആയുസു കൂട്ടുമത്രേ. 32 ശതമാനം മരണത്തിന് കാരണമായ ഹൃദയസംബന്ധിയായ അസുഖങ്ങളുടെ സാധ്യത ആഴ്ചയില്‍ ആറു മണിക്കൂര്‍ നടക്കാന്‍ സമയം ചെലവഴിക്കുന്നതിലൂടെ 31 ശതമാനം കുറയ്ക്കും. ഇതിനായി ഒരു മണിക്കൂര്‍ നടക്കാനും പോകേണ്ടതില്ല. പകരം ഓരോ മണിക്കൂറിനിടയിലും കുറച്ചു മിനിറ്റുകള്‍ വീതം നടന്ന് ഒരു മണിക്കുര്‍ എത്തിച്ചാല്‍ മതി. ഇങ്ങിനെ ചെയ്താല്‍ ജിമ്മില്‍ പോകേണ്ട കാര്യമേയില്ല.
നടപ്പ് ആരോഗ്യത്തിന് നല്കുന്ന ഗുണം വളരെ വലുതാണെന്നും ഇത് ഹൃദയമിടിപ്പിനെ ക്രമാനുഗതമാക്കാന് സഹായിക്കുമെന്നും എവിടെയായാലും തികച്ചും സൗജന്യവും ലളിതവുമായ ഗുണവുമുള്ള മാര്‍ഗ്ഗവുമാണെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയിലെ വിദഗ്ദ്ധര്‍ പറയുന്നു. നമ്മുടെ ഏറ്റവും തിരക്കുപിടിച്ച അഞ്ചുമുതല്‍ ഒമ്പത് വരെ മണിക്കൂറുകളില്‍ നാം കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കണ്ണുകള്‍ ഉറപ്പിച്ച് കസേരയില്‍ ഒട്ടിപ്പിടിച്ചിരിക്കുമ്പോള് നടക്കാന്‍ സമയം കണ്ടെത്താറില്ല.
ബസ് സ്റ്റോപ്പ് വരെ നടക്കാന്‍ കഴിയുന്ന രീതിയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുക, നടക്കാന്‍ കഴിയുന്ന ട്രെയിന്‍ യാത്രകള്‍, ചെറിയ ദൂരങ്ങള്‍ നടന്നു പോകുക, പടിക്കെട്ടുകള്‍ നടന്നു കയറുക തുടങ്ങിയവയെല്ലാം ആരോഗ്യ പരിപാലനത്തിനായി ഉപയോഗപ്പെടുത്തുക. ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ ജിമ്മില്‍ ട്രെഡ്മില്ലില് മണിക്കൂറുകള്‍ നടക്കുകയും ഹെവിവെയ്റ്റ് ഉയര്‍ത്തുകയും ഒന്നും ചെയ്യേണ്ട. പകണം ശരീരത്തെ ചലിക്കാന്‍ വിട്ടാല്‍ മതി. നടക്കുകയോ നൃത്തം ചെയ്യുകയോ ശരീരത്തെയും മനസ്സിനെയും അനങ്ങാന്‍ വിടുന്ന എന്തും ചെയ്യാം.
ദിവസവും വെറും 30 മിനിറ്റ് നടക്കാന്‍ ചെലവഴിച്ചാല്‍ തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടും, കൊഴുപ്പ് കുറഞ്ഞ് എല്ലുകള്‍ക്ക് ബലം കൂടും, മസിലുകളുടെ കരുത്ത് വര്‍ദ്ധിക്കും. ഇത് ടൈപ്പ് 2 പ്രമേഹം, അസ്ഥിക്ഷയം, ചിലതരം കാന്‍സറുകള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ സാധ്യതകള്‍ കുറയ്ക്കാനാകും. അതുകൊണ്ട് വരും വര്‍ഷം ജിമ്മില്‍ പോകുന്നതിന് പകരം പതിവായി നടക്കാന്‍ പോകുന്നത് നിങ്ങളുടെ ദൈനംദിന ചലനങ്ങളെ കൂട്ടുന്നതാണ് നല്ലതെന്ന് പഠനം പറയുന്നു.






