
ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ സെമിയില്‍ ഇന്ത്യ പുറത്തായതുമായി ബന്ധപ്പെട്ട വിവാദ സംഭവങ്ങളെ ജീവിതത്തില്‍ ഇരുണ്ടുപോയ ദിനങ്ങളെന്ന് വിശേഷിപ്പിച്ച് ഇന്ത്യന്‍ വനിതാടീമിലെ സൂപ്പര്‍താരം മിഥാലിരാജ്. ബാറ്റിംഗ് പൊസിഷനുമായി ബന്ധപ്പെട്ട കാര്യത്തില്‍ താന്‍ വിരമിക്കുമെന്ന് മിഥാലി ഭീഷണിപ്പെടുത്തിയതായുള്ള പരിശീലകന് രമേഷ് പവാറിന്റെ ആരോപണത്തിനാണ് താരം മറുപടി പറഞ്ഞത്.
തന്നെ കൈാര്യം ചെയ്യാന്‍ നോക്കിയെന്നും തകര്‍ക്കാന്‍ ശ്രമിച്ചെന്നും രമേഷ് പവാറിനെതിരേ മിഥാലിരാജ് ആരോപണം ഉയര്‍ത്തിയത് മുതലായിരുന്നു വാക്പോര് തുടങ്ങിയത്. ലോകകപ്പിനിടയില്‍ വെസ്റ്റിന്‍ഡീസില്‍ മുന്‍ നായികയുടെ പെരുമാറ്റം ശരിയായിരുന്നില്ലെന്നായിരുന്നു ബിസിസിഐയ്ക്ക് നല്കിയ ടൂര്‍ റിപ്പോര്‍ട്ടില്‍ മിഥാലിയെക്കുറിച്ച് രമേഷ് പവാര്‍ പരാമര്‍ശിച്ചിരുന്നത്. ലോകകപ്പില്‍ മികച്ച ആദ്യറൗണ്ട് പ്രകടനത്തിന് ശേഷം മിഥാലിയെ പുറത്തിരുത്തിയ ഇന്ത്യന്‍ ടീം ഇംഗ്ളണ്ടിനോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു. താരത്തെ ടീമില്‍ നിന്നും ഒഴിവാക്കിയത് വലിയ ചര്‍ച്ചയ്ക്കും വിവാദത്തിനും ഇടയാക്കിയിരുന്നു.
പവാറിന്റെ ആരോപണങ്ങള്‍ക്ക് ട്വിറ്ററിലൂടെയാണ് മിഥാലി മറുപടി പറഞ്ഞത്. തന്നെ ഈരീതിയില്‍ ചിത്രീകരിച്ചത് അങ്ങേയറ്റം വേദനിപ്പിക്കുന്നതും മുറിപ്പെടുത്തുന്നതും ആണെന്ന് താരം കുറിച്ചു. കളിയോടുള്ള തന്റെ സമീപനവും 20 വര്‍ഷമായി രാജ്യത്തിന് വേണ്ടി കളിച്ചിരുന്ന തന്റെ പ്രതിജ്ഞാബദ്ധതയുമാണ് ചോദ്യം ചെയ്യപ്പെട്ടത്. അതിലെ കഠിനാദ്ധ്വാനവും അദ്ധ്വാനവും വ്യര്‍ത്ഥമായി. തന്റെ രാജ്യസ്നേഹം സംശയാസ്പദമായി. തന്റെ കഴിവുകള്‍ ചോദ്യം ചെയ്യപ്പെട്ടു. എല്ലാം വഴുതിപ്പോകുന്ന ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളില്‍ പിടിച്ചുനില്ക്കാന് ദൈവം എനിക്ക് കരുത്തു നല്‍കട്ടേയെന്ന് താരം പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഏകദിന ലോകകപ്പില്‍ മിഥാലിയുടെ കീഴില്‍ റണ്ണറപ്പായ ഇന്ത്യന്‍ ടീം പക്ഷേ ടി20 യില്‍ സ്മൃതി മന്ദാനയ്ക്ക് കീഴിലായിരുന്നു കളിക്കാനിറങ്ങിയത്. സെമിയില്‍ തോറ്റതിന് പിന്നാല്‍െ ആരോപണങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് വിറ കൊള്ളാന്‍ തുടങ്ങിയത്. കോച്ച് പവാറിനും ടീമിനൊപ്പം വെസ്റ്റിന്‍ഡീസില്‍ ഉണ്ടായിരുന്ന ഭരണചുമതലയുള്ള കമ്മറ്റിയംഗം ഡയാനാ എഡുല്‍ജിക്കും എതിരേ മിഥാലി പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ്. പരിശീലകന് പവാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍ ഡയാന പദവി തനിക്കെതിരേ ഉപയോഗിക്കുക ആയിരുന്നെന്ന് മിഥാലി പറഞ്ഞു.
ആദ്യം ആരോപണം നിഷേധിച്ച പവാര്‍ പക്ഷേ ടൂറുമായി ബന്ധപ്പെട്ട് ബിസിസിഐ യ്ക്ക് നല്കിയ 10 പേജ് നീണ്ട റിപ്പോര്‍ട്ടില്‍ അഞ്ചു പേജിലും മിഥാലിക്കെതിരേയുള്ള ആരോപണം ആയിരുന്നു. ഓപ്പണര്‍ സ്ഥാനത്തു നിന്നും ബാറ്റിംഗ് ഓര്‍ഡറില്‍ താഴ്ത്തിയാല്‍ ടൂര്‍ണമെന്റിന്റെ പകുതിയില്‍ വെച്ച് ടീം വിട്ടുപോകുമെന്ന് മിഥാലി ഭീഷണി മുഴക്കിയതായി പവാര്‍ ആരോപിക്കുന്നുണ്ട്. എല്ലാവരും ടീമിനായി കളിക്കുമ്പോള്‍ മിഥാലി വ്യക്തിപരമായ നേട്ടമായിരുന്നു നോക്കിയിരുന്നതെന്നും ആരോപിക്കുന്നു. ഭീഷണിമുഴക്കുന്നതും പരിശീലകരെ സമ്മര്ദ്ദപ്പെടുത്തുന്നതും നിര്‍ത്തി മിഥാലി സഹകരിമെന്ന് കരുതിയെങ്കിലും അവരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ ടീമിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുകളിലായിരുന്നെന്നും പവാര്‍ പറയുന്നു.




