
ലണ്ടൻ: ലോർഡ്സ് മൈതാനത്ത് നടക്കുന്ന ചരിത്രത്തിലെ ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിൽ ഇറങ്ങി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ധാന മറ്റൊരു അപൂർവ നേട്ടവും സ്വന്തമാക്കി. വെറും 29-ാം വയസിൽ 300 അന്താരാഷ്ട്ര മത്സരങ്ങൾ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് സ്മൃതി സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലൂടെയാണ് സ്മൃതി ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ 300 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന 12-ാമത്തെ വനിതാ താരമായും സ്മൃതി മാറി. ഇന്ത്യയ്ക്കായി ഇതുവരെ ഒമ്പത് ടെസ്റ്റുകളും 120 ഏകദിനങ്ങളും 171 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.
300-ാം അന്താരാഷ്ട്ര മത്സരമാണിതെന്ന് കഴിഞ്ഞ രാത്രിയാണ് അറിഞ്ഞതെന്ന് സ്മൃതി പറഞ്ഞു. എല്ലാ ഫോർമാറ്റുകളിലെയും മത്സരങ്ങളുടെ എണ്ണം കളിക്കാർ പ്രത്യേകം കണക്കാക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
"2017 ലോകകപ്പ് ഫൈനൽ ലോർഡ്സിൽ കളിച്ചത് ഇന്നും ഓർമ്മയുണ്ട്. അത് എനിക്ക് മികച്ച ടൂർണമെന്റായിരുന്നില്ല. വീണ്ടും ഇന്ത്യയ്ക്കായി കളിക്കാൻ അവസരം ലഭിക്കുമോ എന്നുപോലും അന്ന് ഉറപ്പില്ലായിരുന്നു. അവിടെ നിന്ന് ഇവിടെ എത്തി, എന്റെ 300-ാം മത്സരം ലോർഡ്സിൽ തന്നെ കളിക്കാനായത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ്," സ്മൃതി പറഞ്ഞു.






