
മുംബൈ: അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. 80 വയസ് പ്രായമുള്ള അമ്മയ്ക്ക് 53കാരനായ മകന് അമിത അളവില്‍ ഉറക്കഗുളിക നല്കി, പിന്നീട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇതില്‍ നിന്നും രക്ഷപ്പെട്ടതോടെ മകന് അമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ലളിത എന്ന 80കാരിയെ മകനായ് യോഗേഷ് ഷെനോയ് ആണ് കൊലപ്പെടുത്തിയത്. ആദ്യ രണ്ട് പ്രാവശ്യം കൊലപാതക ശ്രമത്തില്‍ നിന്നും ലളിത രക്ഷപ്പെട്ടിരുന്നു. പിന്നീടാണ് ലളിതയെ മകന് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ദിവസവും ലളിതയും യോഗേഷുമായി വഴക്കുണ്ടായിരുന്നു. ഒടുവിലായി മരുന്നിന്റെ ബില്ലിനെ കുറിച്ചുള്ള തര്‍ക്കമാണ് ഇരുവരും തമ്മിലുണ്ടായത്.
2011ല്‍ യോഗേഷിനെ ഭാര്യ ഉപേക്ഷിച്ച് പോയി. നാല് വര്‍ഷം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. ഇവര്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ല. അച്ഛനും സഹോദരനും നേരത്തെ തന്നെ മരിച്ചിരുന്നു. പിന്നീട് യോഗേഷും അമ്മ ലളിതയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ വഴക്ക് സ്ഥിരമായിരുന്നു. പത്താംക്ലാസ് പാസായ യോഗേഷ് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ബുധനാഴ്ച യോഗേഷും അമ്മ ലളിതയുമായി വീണ്ടും വഴക്കുണ്ടാവുകയായിരുന്നു. 15 വീതമുള്ള രണ്ട് പാക്കറ്റ് ഉറക്കഗുളികയുമായായിരുന്നു യോഗേഷ് എത്തിയത്. തുടര്‍ന്ന് ഗുളിക പൊടിച്ച് പാലില്‍ കലര്‍ത്തി അമ്മയ്ക്ക് കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ലളിത ഉറങ്ങാന്‍ പോയി. അര്‍ധരാത്രി 1.30ന് യോഗേഷ് നോക്കിയെങ്കിലും അമ്മ ശ്വാസോഛ്വാസം നടത്തുന്നുണ്ടായിരുന്നു. ലളിത മരിച്ചിട്ടില്ലെന്ന് മനസിലാക്കിയ യോഗേഷ് ആ മാനസിക സമ്മര്‍ദ്ദത്തില്‍ അമ്മയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു.
എന്നാല്‍ യോഗേഷ് ഇതിലും പരാചയപ്പെട്ടു. തുടര്‍ന്ന് 2.30 ഓടെ ലളിതയുടെ കഴുത്തറുത്ത് യോഗേഷ് കൊലപ്പെടുത്തി. ബെഡ്ഷറ്റില്‍ മൃതദേഹം പൊതിഞ്ഞുവെച്ച ശേഷം യോഗേഷ് ഉറങ്ങി. രാവിലെ അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. 9.30ന് പോലീസ് എത്തിയപ്പോഴും യോഗേഷ് ഉറക്കത്തിലായിരുന്നു. ബെഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ലളിതയുടെ മൃതദേഹം പോലീസ് കണ്ടെത്തി. സംഭവത്തില്‍ യോഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലളിതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.






