
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി, മുതിര്‍ന്ന നേതാവ് ഓസ്കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ നികുതിയുമായി ബന്ധപ്പെട്ട കേസ് വീണ്ടും പരിഗണിക്കാമെന്ന് സുപ്രീം കോടതി. ആദായ നികുതി വകുപ്പിനാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്തിമ ഉത്തരവ് നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത വര്‍ഷം ജനുവരി എട്ടിന് വീണ്ടും പരിഗണിക്കും.
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട 2011-2012 വര്‍ഷത്തെ നികുതിയാണ് വീണ്ടും പരിഗണിക്കുന്നത്. എന്നാല്‍ ഹര്‍ജിക്കാരുടെ വാദം കേള്‍ക്കാതെ പുനഃപരിശോധനയുമായി മുന്നോട്ടുപോകരുത്. ഹര്‍ജിയില്‍ ഒരു പരാമര്‍ശവും ഈ ഘട്ടത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയാണ് നികുതി പരിശോധനയ്ക്ക് ഉത്തരവിട്ടത്. ഇതുചോദ്യം ചെയ്താണ് മൂന്നു പേരും സുപ്രീം കോടതിയെ സമീപിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച അപേക്ഷയിലാണ് മൂന്നു പേര്‍ക്കുമെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെട്ട യങ് ഇന്ത്യ ലിമിറ്റഡ്, നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തി ഏറ്റെടുത്തതിലൂടെ 2000 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വോറ, മാധ്യമപ്രവര്‍ത്തകനായ സുമന് ദുബെ, സാങ്കേതിക വിദഗ്ധന്‍ സാം പിട്രോഡ എന്നിവരെയും പ്രതിചേര്ത്താന് കേസ് നല്‍കിയത്.






