
ആലപ്പുഴ : സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഉപന്യാസ മല്‍സരത്തിന് ദീപനിശാന്ത് വിധികര്‍ത്താവായി എത്തിയത് വന്‍ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. സംഭവം വന്‍ പ്രതിക്ഷേതത്തിന് ഇടവെച്ചതോടെ വിധിനിര്‍ണ്ണയം റദ്ദാക്കി പുനര്‍ മൂല്യനിര്‍ണ്ണയം നടത്തി. ഹയര്‍ അപ്പീല്‍ ജൂറി സന്തോഷ് എച്ചിക്കാനത്തിന്റെ നേതൃത്വത്തിലാണ് പുനര്‍ മൂല്യനിര്‍ണ്ണയം നടത്തിയത്.
ദീപനിശാന്ത് മൂല്യ നിര്‍ണയം നടത്തി വിധി കല്‍പ്പിച്ചതിനെതിരെ കെഎസ് യു വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിനു ചുള്ളിയില്‍ ഡിപിഐക്ക് രേഖമൂലം നല്കിയ പരാതി ഹയര്‍ അപ്പീല്‍ സമിതിക്ക് കൈമാറുകയും ചെയ്തിരുന്നു. കവിതാ മേഷണത്തില്‍ ആരോപണ വിധേയയായ ദീപ നിശാന്തിനെ ജൂറിയില്‍ ഉള്‍പ്പെടുത്തിയത് നേരത്തെ തന്നെ വിവാദമായിരുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദീപ നിശാന്ത് ഉള്‍പ്പെടെയുള്ള മൂന്നംഗ സമിതിയുടെ വിധി നിര്‍ണയം വീണ്ടും പരിശോധിക്കാന്‍ ഹയര്‍ അപ്പീല്‍ ജൂറി തീരുമാനിക്കുകയായിരുന്നു. സമിതിയുടെ വിധി നിര്‍ണയം റദ്ദാക്കിയ അപ്പീല്‍ ജൂറി പുനര്‍ മൂല്യനിര്‍ണയം നടത്തുകയും ചെയ്തു. ഉപന്യാസ മല്‍സരത്തില്‍ അന്തിമ വിലയിരുത്തല്‍ കൂടി നടത്തിയശേഷം ഇന്ന് മാത്രമേ ഫലം പ്രഖ്യാപിക്കൂ.






