
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേരിട്ട കനത്ത പരാജയത്തില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോഡി സര്‍ക്കാരിന്റെ പതനത്തിന് തുടക്കം കുറിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് മമത ബാനര്‍ജി പറഞ്ഞു. മോഡിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു.
മോഡി സര്‍ക്കാരിനെതിരായ പ്രതിപക്ഷ ഐക്യനിര ഇതിനകം രൂപപ്പെട്ട് കഴിഞ്ഞു. സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി വ്യത്യസ്ത നിലപാട് സ്വീകരിക്കുമെങ്കിലും ബി.ജെ.പിക്കെതിരായി ഒരുമിച്ച് നില്‍ക്കുമെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഒരിടത്തും ബി.ജെ.പി ഇല്ലെന്ന് തെളിയിക്കുന്നതാണ് സെമി ഫൈനല്‍ ഫലമെന്നും മമത കൂട്ടിച്ചേര്‍ത്തു. 2019 തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളാണ് ശരിക്കും മാന്‍ ഓഫ് ദ മാച്ച് എന്നും മമത പറഞ്ഞു.
ജനങ്ങള്‍ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്തു. ഇത് ജനങ്ങളുടെ വിധിയാണ്. ജനങ്ങളുടെ വിജയമാണ്. അനീതിക്കെതിരെ ജനാധിപത്യത്തിന്റെ വിജയമാണിത്. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ന്യുനപക്ഷത്തിനും നീതി നിഷേധിച്ചതിനെതിരായ വിധിയെഴുത്താണ് ഇതെന്നും മമത ട്വീറ്റ് ചെയ്തു. ഇത് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനയാണ്. വിജയികളെ അഭിനന്ദിക്കുന്നതായും മമത കൂട്ടിച്ചേര്‍ത്തു.







Comments