
സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ നിലവിലെ ക്ളബ്ബും മുന്‍ ക്ളബ്ബുകളായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യൂണൈറ്റഡും ദുര്‍ബ്ബലരായ എതിരാളികളോട് തോറ്റമ്പിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി പിന്നില്‍ നിന്നും പൊരുതിക്കയറി കഷ്ടിച്ച് ജയിച്ചു. യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് ഘട്ടം തേടിയുള്ള മല്‍സരത്തില്‍ ക്രിസ്ത്യാനോയുടെ ഇറ്റാലിയന്‍ ക്ളബ്ബ് യുവന്റസ് യംഗ് ബോയ്സിനോട് 2-1 ന് തോറ്റപ്പോള്‍ പഴയ ക്ളബ്ബ് റയല്‍മാഡ്രിഡ് സിഎസ്കെഎ മോസ്ക്കോയോടും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വലന്‍സിയയോടും തോല്‍വി ഏറ്റുവാങ്ങി.
ഫ്രഞ്ചുതാരം ഗ്വില്ലെര്മേ ഹൗരാവു നേടിയ ഇരട്ട ഗോളുകളിലാണ് സ്വിസ് ക്ളബ്ബ് ഇറ്റാലിയന്‍ വമ്പന്മാരെ വീഴ്ത്തിയത്. കളിയുടെ 30 ാം മിനിറ്റില്‍ കാമറൂണ്‍ താരം മൗമി നിക്കോളാസ് എന്ഗാമെലുവിനെ പെനാല്‍റ്റി ബോക്സില്‍ അലക്സ് സാന്‍ഡ്രോ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ഹുരേരു ഒരു വലംകാലനടിയില് വലയുടെ വലതു മോന്തായത്തിലേക്ക് അടിച്ചു കയറ്റി. 68 ാം മിനിറ്റിലായിരുന്നു അടുത്ത ഗോള്‍. അതിനും വഴിയൊരുക്കിയത് എന്ഗാമെലു ആയിരുന്നു. എന്ഗാമെലു വേഗത്തില്‍ നടത്തിയ ഒരു നീക്കത്തില്‍ നല്കിയ പന്ത് ഹൗരാവു ബോക്സിന് പുറത്തുവെച്ച് ഇടം കാലിന് തൊടുത്തത് വലയില്‍ കയറുകയായിരുന്നു.
ക്രിസ്ത്യാനോ ഉള്‍പ്പെട്ട മുന്നേറ്റത്തെ ഫലപ്രദമായി തടഞ്ഞ യംഗ് ബോയ്സിന്റെ പ്രതിരോധം പക്ഷേ 80 ാം മിനിറ്റില്‍ തകര്‍ന്നു. ക്രിസ്ത്യാനോ നല്കിയ പന്ത് ബോക്സിന് പുറത്ത് നിന്നും സുന്ദരമായ ഒരു ഇടംകാലന്‍ ഷോട്ടിന് ഡൈബാല വലയുടെ വലതുപാര്‍ശ്വത്തിലേക്ക് അടിച്ചു കയറ്റി. സൂപ്പര്‍താരത്തിന്റെ പഴയ ക്ളബ്ബ് റയലിനും തോല്‍ക്കാനായിരുന്നു വിധി. മോസ്ക്കോയിലെ സിഎസ്കെഎ യോട് ഏകപക്ഷീയമായ മൂന്ന് ഗോളിനായിരുന്നു തോല്‍വി.
ഷാലോവ്, ഷെന്നിക്കോവ്, സിഗാര്ഡ്സണ് എന്നിവരായിരുന്നു സ്കോറര്‍മാര്‍. സ്വന്തം തട്ടകത്തില്‍ റയല്‍ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരുന്നു. തോറ്റെങ്കിലും ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ സ്പാനിഷ് വമ്പന്മാര് നോക്കൗട്ടില്‍ എത്തി. അതേസമയം ഏറ്റവും ദുര്‍ബ്ബലരായ ക്ളബ്ബിനോട് തോറ്റ തങ്ങളുടെ ടീമിനെ കൂവി വിളിച്ചാണ് ആരാധകര്‍ പുറത്തേക്ക് വിട്ടത്. ഒമ്പതു വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് സ്പാനിഷ് ടീം സ്വന്തം തട്ടകത്തില്‍ തോല്‍വി അറിയുന്നത്. തിബൗട്ട് കോര്‍ട്ടോയിസ്, മാഴ്സലോ, ഇസ്കോ, കരീം ബന്‍സേമ, വിനീഷ്യസ് ജൂനിയര്‍, ബെയ്ല് തുടങ്ങിയവരെല്ലാം ഇറങ്ങിയിട്ടും റഷ്യന്‍ ഗോളി അകിന്‍ഫീവിനെ തോല്‍പ്പിക്കാനായില്ല.
ഇറ്റാലിയന്‍ വമ്പന്മാരായ റോമയ്ക്കും ഇന്നലെ തോല്‍ക്കാനായിരുന്നു വിധി. വിക്ടോറിയാ പ്ളാസനോട് 2-1 ന് അവര്‍ കീഴടങ്ങി. പെല്ലിഗ്രിനി അവസാന മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ കോവാറിക്കും കോറിയുമായിരുന്നു വിക്ടോറിയയുടെ സ്കോറര്‍മാര്‍. കോവാറിക്കിന്റെ ഗോള്‍ വന്ന് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ അണ്ടറിലൂടെ റോമ ഗോള്‍ മടക്കിയെങ്കിലും അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ കോറി ലീഡ് വര്‍ദ്ധിപ്പിച്ച് വിജയം പിടിച്ചുവാങ്ങിക്കൊണ്ടു പോകുകയായിരുന്നു. ജി ഗ്രൂപ്പിലെ രണ്ടു വമ്പന്മാരും തോല്‍വി ഏറ്റുവാങ്ങിയെങ്കിലൂം റയലിന് പിന്നിലായി റോമയും നോക്കൗട്ട് ഘട്ടത്തിലേക്ക് എത്തി.
ഇംഗ്ളീഷ് ക്ളബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തോല്‍ക്കാനായിരുന്നു വിധി. സ്പാനിഷ് ക്ളബ്ബ് വലന്‍സിയയോട് തോറ്റെങ്കിലും മാഞ്ചസ്റ്റര്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടില്‍ കടന്നു. സോളറിന്റെ ഗോളിന് പുറമേ ജോണ്‍സിന്റെ സെല്‍ഫ്ഗോളും മാഞ്ചസ്റ്ററിന്റെ വിധിയെഴുതി. 87 ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ് മാഞ്ചസ്റ്ററിനായി ഒരു ഗോള്‍ മടക്കി. അതേസമയം തൊട്ടയല്‍ക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി ഹോഫന്‍ ഫെയിമിനെ പിന്നില്‍ നിന്നും തിരിച്ചടിച്ചു ജയം നേടി. കളി യുടെ 16 ാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയ ഹോഫന്‍ ഫെയിമിനെ സാനേയുടെ ഇരട്ടഗോളിലാണ് സിറ്റി മറുപടി നല്‍കിയത്. കൂട്ടത്തിലെ പയ്യന്മാരെ ഇറക്കിയായിരുന്നു സിറ്റി വിജയം പിടിച്ചത്. ഹോഫന്‍ ഫെയിമിനെതിരേ ഇറങ്ങിയ സിറ്റി ടീമിന്റെ ശരാശരി പ്രായം 24 വയസ്സായിരുന്നു.






