
ടൊറന്റോ: ഫുട്‌ബോള്‍ ലോകകപ്പില്‍ കുറകാവോയെ വിറപ്പിച്ച ജര്‍മനിക്ക് ഐവറി കോസ്‌റ്റിനെതിരേ മികവ് തുടരാനായില്ല. ഇ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ 68 മിനിറ്റ് ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണു മുന്‍ ചാമ്പ്യന്‍മാര്‍ ജയിച്ചത്‌്.
കോച്ച് ജുലിയന്‍ നഗല്‍സ്‌മാന്‍ 59-ാം മിനിറ്റില്‍ ഡെനിസ് ഉണ്‍ഡാഫിനെ സൂപ്പര്‍ സബായിറക്കിയില്ലായിരുന്നെങ്കില്‍ ജര്‍മനി ഇന്നലെ അടിയറ പറയേണ്ടി വന്നേനെ. ഉണ്‍ഡാഫിന്റെ ഇരട്ട ഗോളുകളുടെ ബലത്തില്‍ ഐവറി കോസ്‌റ്റിനെതിരേ നേടിയ ജയത്തോടെ 2014 ന് ശേഷം ആദ്യമായി ജര്‍മനി നോക്കൗട്ടിലേക്കു മുന്നേറി. ജര്‍മനിയെ കളിയുടെ മുഴുവന്‍ സമയത്തും വിറപ്പിക്കാന്‍ ഐവറി കോസ്‌റ്റിനായി. കോച്ച് എമേഴ്‌സ് ഫായ് ഒരുക്കിയ 4-3-3 ഫോര്‍മേഷനും പറ്റിയതായി. 30-ാം മിനിറ്റില്‍ ഫ്രാങ്ക് കെസയിലൂടെ ഐവറി കോസ്‌റ്റ് മുന്നിലെത്തി. 29 വയസുകാരനായ ഉണ്‍ഡാവ് ജമാല്‍ മുസിലായ്‌ക്കു പകരമാണ് കളത്തിലെത്തിയത്. കുറാകോവിനെതിരേ നടന്ന ആദ്യ മത്സരത്തിലും ഉണ്‍ഡാഫ് ടീമിനായി തിളങ്ങിയിരുന്നു. ബുണ്ടസ് ലിഗയില്‍ വിഎഫ്‌ബി സ്‌റ്റുട്ട്‌ഗാര്‍ട്ടിനായി 29 മത്സരങ്ങളില്‍നിന്നു 19 ഗോളുകളടിക്കാന്‍ ഉണ്‍ഡാഫിനായി. യൂറോപ്പ ലീഗിലും ജര്‍മന്‍ ടൂര്‍ണമെന്റായ ഡിഎഫ്‌ബി പോക്കലിലും മൂന്നു ഗോളുകള്‍ വീതവുമടിച്ചു. 2024 മാര്‍ച്ചിലാണ് നഗല്‍സ്‌മാന്‍ ഉണ്‍ഡാഫിന് ദേശീയ ടീമില്‍ അവസരം കൊടുക്കുന്നത്. ജര്‍മനിക്കായി കളിച്ച 11 മത്സരങ്ങളില്‍നിന്ന് ഒന്‍പത് ഗോളുകളടിച്ചു.
ബെല്‍ജിയത്തിലെ യൂണിയന്‍ സെന്റ് ഗില്ലോയിസിന്റെ താരമായിരിക്കേ 45 മത്സരങ്ങളില്‍നിന്ന് 18 ഗോളുകളടിച്ചു. പ്രീമിയര്‍ ലീഗ് ടീം ബ്രൈറ്റണിനായും കളിച്ചു. മത്സരത്തില്‍ രണ്ട് ഗോളുകളടിച്ചതോടെ ലോകകപ്പ് ചരിത്രത്തില്‍ ജര്‍മനി വീണ്ടും ഒന്നാമതെത്തി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന രാജ്യമായാണ് ജര്‍മന്‍ പട മാറിയത്. ഇതുവരെ 241 ഗോളുകളടിച്ചു. ഈ റെക്കോഡില്‍ ബ്രസീലിനൊപ്പമാണ് ജര്‍മനി. ബ്രസീലിനേക്കാള്‍ രണ്ട് ലോകകപ്പ് കുറച്ച് കളിച്ചാണ് ജര്‍മനി ഒന്നാം സ്‌ഥാനത്തെത്തിയത്. ബ്രസീല്‍ 23 ലോകകപ്പിന്റെ ഭാഗമായപ്പോള്‍ ജര്‍മനി 21 തവണയും ടൂര്‍ണമെന്റില്‍ കളിച്ചു.




