ജീവിതം നൈരാശ്യം മൂലം ആത്മഹത്യ ചെയ്തയാളുടെ പേരില്‍ ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയതിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന ആറാമത്തെ ഹര്‍ത്താലാണിത്. മൂന്ന് ജില്ലാ ഹര്‍ത്താലുകളും ഇന്നത്തേതടക്കം മൂന്ന് സംസ്ഥാന ഹര്‍ത്താലുകളും നടത്തി. ശബരിമല ക്ഷേത്രത്തിന്റെ പ്രശസ്തിയും ബി.ജെ.പിയുടെ സമരപാരമ്പര്യവും പരിഗണിക്കുമ്പോള്‍ മകരവിളക്കിന് മുമ്പ് എട്ടോ ഒമ്പതോ ഹര്‍ത്താലിന് കൂടി സ്കോപ്പുണ്ടെന്നും ജയശങ്കര്‍ പറയുന്നു.
കേരളത്തിന്റെ ദേശീയാഘോഷം ഹര്‍ത്താലാണ്. എങ്കിലും മോഹന്‍ലാലിന്റെ ഒടിയന് റിലീസ് ചെയ്യുന്ന ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയല്ല. പ്രത്യേകിച്ചും ലാലേട്ടന് തിരുവനന്തപുരത്ത് മത്സരിക്കുമെന്ന ശ്രുതിയുള്ള സാഹചര്യത്തില്‍. ശ്രീധരന്‍പിള്ളയോട് ലാലേട്ടന് ക്ഷമിച്ചാലും അയ്യപ്പസ്വാമി ക്ഷമിക്കില്ലെന്നും ജയശങ്കര്‍ പരിഹസിച്ചു.
ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
സെക്രട്ടേറിയറ്റ് നടയിൽ സമരപ്പന്തലിനരികിൽ ആത്മാഹൂതി ചെയ്തയാളോടുളള ആദര സൂചകമായി ഇന്ന് ബിജെപി സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കുന്നു.
മരിച്ചയാൾക്കു രാഷ്ട്രീയമില്ലെന്നും മനോരോഗിയാണെന്നും ജീവിത നൈരാശ്യം നിമിത്തമാണ് ജീവനൊടുക്കിയതെന്നും പോലീസ് പറയുന്നു. ബന്ധുക്കൾ അത് ആവർത്തിക്കുന്നു. സുപ്രീംകോടതി വിധിയോടും സർക്കാർ നിലപാടിനോടുമുളള പ്രതിഷേധ സൂചകമാണ് ആത്മാഹൂതി എന്ന് ബിജെപി ആരോപിക്കുന്നു. ഇനി അഥവാ ജീവിതനൈരാശ്യം ഉണ്ടായെങ്കിൽ തന്നെ അത് ശബരിമലയുമായി ബന്ധപ്പെട്ടതാകും.
ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന ആറാമത്തെ ഹർത്താലാണിത്. മൂന്നെണ്ണം ജില്ലാതല ഹർത്താൽ; ഇതടക്കം മൂന്നെണ്ണം സംസ്ഥാന ഹർത്താൽ. ശബരിമല ക്ഷേത്രത്തിൻ്റെ പ്രശസ്തിയും ബിജെപിയുടെ സമര പാരമ്പര്യവും പരിഗണിക്കുമ്പോൾ വരുന്ന മകരവിളക്കിനു മുമ്പ് എട്ടോ ഒമ്പതോ ഹർത്താലിനു കൂടി സ്കോപ്പുണ്ട്.
കേരളത്തിൻ്റെ ദേശീയാഘോഷം ഹർത്താലാണ്. എങ്കിലും മോഹൻലാലിൻ്റെ 'ഒടിയൻ' സിനിമ റിലീസാകുന്ന ദിവസം ഹർത്താൽ പ്രഖ്യാപിച്ചത് ശരിയല്ല. പ്രത്യേകിച്ചും ലാലേട്ടൻ തിരുവനന്തപുരത്തു മത്സരിക്കും എന്ന് ശ്രുതിയുളള സാഹചര്യത്തിൽ.
ശ്രീധരൻ പിള്ളയദ്ദേഹത്തോട് ലാലേട്ടൻ ക്ഷമിച്ചാലും അയ്യപ്പ സ്വാമി പൊറുക്കില്ല.






