ന്യൂഡല്‍ഹി: റഫാല്‍ വിമാനങ്ങളുടെ വില സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പി.എ.സി അധ്യക്ഷനും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കണ്ടിട്ടില്ലെങ്കില്‍ അമദ്ദഹം കോടതിയെ സമീപിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. തനിക്ക് സി.എ.ജി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും പി.എ.സി അത് പിശോധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഖാര്‍ഗെ കോടതിയിയില്‍ സത്യവാങ്മൂലം നല്‍കുകയോ പുനപരിശോധനാ ഹര്‍ജി നല്‍കുകയോ ചെയ്യണമെന്ന് സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടു.
റഫാല്‍ വിമാനങ്ങളുടെ വില സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍ കോടതി പരാമര്‍ശിക്കുന്ന സി.എ.ജി റിപ്പാര്‍ട്ട് പാര്‍ലമെന്റില്‍ വച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. പി.എ.സി അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പോലും പ്രസ്തുത റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. രാഹുലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന് സ്വാമിയുടെ പ്രതികരണം.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇതിന് പിന്നാലെ ബി.ജെ.പി നേതൃത്വം ഒന്നടങ്കം രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കെതിരെ വിരല്‍ ചൂണ്ടാന്‍ രാഹുല്‍ ഗാന്ധിക്ക് എങ്ങനെ ധൈര്യമുണ്ടായെന്നായിരുന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ചോദ്യം.






