
കോഴിക്കോട്: ഹര്‍ത്താലിനെതിരെ കടുത്ത തീരുമാനങ്ങളുമായി വ്യപാരി വ്യവസായി ഏകോപന സമിതി. സംസ്ഥാനത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ വ്യാപാരികള്‍ക്ക് കോടികളുടെ നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് പൂര്‍ണമായി അവഗണിക്കാന്‍ വ്യാപാരികളുടെ നീക്കം. ഇതുസംബന്ധിച്ച് ഹര്‍ത്താലുകള്‍ക്കെതിരെ കടുത്ത തീരുമാനങ്ങളെടുക്കാന്‍ കോഴിക്കോട് നടന്ന വ്യാപാരികളുടെ സംയുക്ത യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുകയായിരുന്നു.
ഹര്‍ത്താലില്‍ ഇനിമുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനാണ് യോഗത്തിന്റെ അന്തിമ തീരുമാനം. ഹര്‍ത്താല്‍ ദിനത്തില്‍ ബസ്സുകള്‍ നിരത്തിലിറങ്ങും. 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കാനും തീരുമാനമായി.
ഹര്‍ത്താല്‍ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ക്കു ഇനി മുതല്‍ പൂര്‍ണ പിന്തുണ നല്‍കും. തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു നേരെ അക്രമം ഉണ്ടായാല്‍ നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘടന ഏറ്റെടുക്കുമെന്നും സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസീറുദ്ദീന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് നടന്ന യോഗത്തില്‍ വ്യാപാരി വ്യവസായ സമിതി, ചേമ്പര്‍ ഓഫ് കൊമേഴ്സ്, ാള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റേകറന്റ് അസോസിയേഷന്, വിനോദ സഞ്ചാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തുടങ്ങി അറുപതോളം സംഘടനകള്‍ പങ്കെടുത്തു.
തുടരെ ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ മൂലം കേരളത്തിലെ വ്യാപാര വ്യവസായ മേഖലകളെ ഇല്ലാതാക്കുന്നുവെന്ന് കേരള വ്യാപാര വ്യവസായ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കേരളത്തില്‍ പുതിയ സംരംഭം തേടിയെത്തുന്നവരെയും ഇത്തരം ഹര്‍ത്താലുകള്‍ പിന്നോട്ടടിക്കുകയാണ്. ഇതേതുടര്‍ന്ന് പുതിയ സംരംഭകര്‍ അന്യസംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. വ്യാപാര മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ കുടെയാണ് കടന്നുപോകുന്നതെന്നും ഏകോപന സമിതി കൂട്ടിച്ചേര്‍ത്തു. അടുത്തിടെയുണ്ടായ ബിജെപി ഹര്‍ത്താലിനു പിന്നാലെയാണ് ഏകോപന സമിതിയുടെ കടുത്ത നീക്കം.






