അബുദാബി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിന്‍സിന് പകരമുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നതില്‍ വിശദീകരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി. മുത്തലാഖ് വിഷയത്തില്‍ ചില തല്‍പ്പര കക്ഷികളുടെ കുപ്രചരണമാണ് നടക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. പാര്‍ട്ടി പരമായും വിദേശയാത്രാപരമായും അത്യാവശ്യങ്ങള്‍ ഉള്ളത് കൊണ്ടാണ് പാര്‍ലമെന്റില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വോട്ടെടുപ്പ് ബഹിഷ്കരിക്കാനായിരുന്നു തീരുമാനം. ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോള്‍ ലീഗും തീരുമാനം മാറ്റി. ഇടി മുഹമ്മദ് ബഷീര്‍ എതിര്‍ത്ത് വോട്ട് ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുത്തലാഖ് വിഷയത്തില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ സഭയില്‍ പങ്കെടുക്കാതെ പ്രവാസി മലയാളിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനാണ് കുഞ്ഞാലിക്കുട്ടി പോയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വന്‍ വിവാദമായിരിക്കെയാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ ബഹിഷ്കരിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ചില കക്ഷികള്‍ തീരുമാനം മാറ്റി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രതിഷേധ വോട്ട് രേഖപ്പെടുത്തുന്നതാണ് നല്ലതെന്ന് മുസ്ലീം ലീഗും തീരുമാനിച്ചു. താനും ഇ.ടി മുഹമ്മദ് ബഷീറും കൂടിയാലോചിച്ചാണ് അക്കാര്യം തീരുമാനിച്ചത്. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാലാണ് താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.






