
മലപ്പുറം: ലോക്സഭയില്‍ കൊണ്ടുവന്ന മുത്തലാഖ് വോട്ടെടുപ്പില്‍ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വിട്ടു നിന്നത് പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സംഭവത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം കിട്ടിയിട്ടുകയോ നേരിട്ട് സംസാരിക്കുകയോ ഉണ്ടായിട്ടില്ലെന്നും തങ്ങള്‍ പറഞ്ഞു. ഇന്ന് പാണക്കാട്ട് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
വിശദീകരണം പാര്‍ട്ടി കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. അതേസമയം തിങ്കളാഴ്ച രാജ്യസഭയില്‍ പരിഗണിക്കുന്ന മുത്തലാഖ് ബില്ലിനെതിരെ വോട്ട് ചെയ്യാനായി ലീഗ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും തങ്ങള്‍ പറഞ്ഞു. രാജ്യസഭയില്‍ ബില്ല് പാസാകിലെന്നാണ് പ്രതീക്ഷയെന്നും അങ്ങനെയെങ്കില്‍ ആക്ഷേപങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദങ്ങള്‍ക്ക് പിന്നാലെ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കാനാണെന്നും വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ലെന്നും പറഞ്ഞ് കുഞ്ഞാലിക്കുട്ടി രംഗത്തുവന്നിരുന്നു. വോട്ടെടുപ്പ് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും അതറിഞ്ഞിരുന്നെങ്കില്‍ സഭയില്‍ എത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ടൈം മാനേജ്മെന്റില്‍ പ്രശ്നങ്ങള്‍ വരുന്നുണ്ട്. കേന്ദ്ര, കേരള ചുമതലകള്‍ ഒന്നിച്ചു കൊണ്ടുപോകല്‍ പ്രശ്നമുണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.






