
മലപ്പുറം: ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന ആക്ഷേപവുമായി മലപ്പുറത്തും മാവോയിസ്റ്റ് പോസ്റ്റര്‍. വനിതാ മതില് വര്‍ഗീയ മതിലാണെന്ന ആക്ഷേപമുയര്‍ത്തി വഴിക്കടവിന് സമീപം മഞ്ചക്കോടാണ് മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
ഇന്നലെ കണ്ണൂരില്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ തോക്കേന്തിയ മാവേയിസ്റ്റുകളുടെ പ്രകടനം നടന്നിരുന്നു. പോലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് സിപി.മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്നാണ് വിവരം. സംഘത്തില്‍ രാമു, കീര്‍ത്തി എന്നറിയപ്പെടുന്ന കവിത എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.
കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്നുമാണ് മാവോയിസ്റ്റുകള്‍ ഇറങ്ങി വന്നത്. കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങിയ സംഘം പോസ്റ്ററുകളും പതിപ്പിച്ച ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്. വനിതാ മതിലിനെതിരായ പോസ്റ്ററാണ് മാവോയിസ്റ്റുകള്‍ പതിപ്പിച്ചത്. തുടര്‍ന്ന് ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. വനിത അടക്കം ആറ് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
നേരത്തെ വയനാട് തലപ്പുഴയ്ക്കടുത്ത് പേര്യയില്‍ ആയുധധാരികളായ ഒന്‍പതംഗ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘമാണ് എത്തിയത്. പ്രദേശത്ത് പോസ്റ്ററുകള്‍ പതിപ്പിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്ത ശേഷം കടയില്‍ നിന്ന് അരിയും മറ്റ് സാധനങ്ങളും വാങ്ങിയ ശേഷമാണ് സംഘം മടങ്ങിയത്. മാവോയിസ്റ്റുകള്‍ കടയില്‍ എത്തുമ്പോള്‍ കുറച്ച് പേര് മാത്രമാണ് അവിടെ ഉണ്ടായിരുന്നു. അവര്‍ മലയാളത്തിലാണ് സംസാരിച്ചതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.






