
അഹമ്മദാബാദ് : ഗുജറാത്തില്‍ ഹനുമാന് വിഗ്രഹത്തെ സാന്താ ക്ലോസിന്റെ വസ്ത്രം ധരിപ്പിച്ചത് വിവാദമാകുന്നു. ഹനുമാനെ 'കഷ്ടഭജന് ദേവ'നായി ആരാധിക്കുന്ന സാരംഗ്പൂരിലെ ക്ഷേത്രത്തിലാണ് സംഭവം.
ഡിസംബര്‍ 30ന് ചില ഹിന്ദു വിശ്വാസികള്‍ ഹനുമാന് വിഗ്രഹത്തിന് സാന്താ ക്ലോസിന്റെ വസ്ത്രത്തിനു സമാനമായ ചുവപ്പും വെളുപ്പും നിറമുള്ള വസ്ത്രം ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ ചിലര്‍ ഇതിനെതിരെ രംഗത്തുവരികയായിരുന്നു. ചില വിശ്വാസികള്‍ ക്ഷേത്ര അധികാരികളോട് ദേഷ്യപ്പെടുകയും സാന്താ ക്ലോസിന്റെ വസ്ത്രം ധരിപ്പിച്ചതിലെ എതിര്‍പ്പ് അറിയിക്കുകയും ചെയ്തു.
യു.എസിലെ ഹനുമാന് ഭക്തരാണ് സാന്താക്ലോസ് വസ്ത്രം അയച്ചു നല്‍കിയതെന്നാണ് ക്ഷേത്രത്തിലെ അധികൃതര്‍ പറയുന്നത്. വസ്ത്രം കമ്പിളിയുടേതാണ്. അതുകൊണ്ടു തന്നെ ദൈവത്തെ തണുപ്പില്‍ നിന്നും രക്ഷിക്കാന്‍ ഇതിന് കഴിയുമെന്നും എന്നും ഇവര്‍ പറയുന്നു.
എന്നാല്‍, ഈ വസ്ത്രം സാന്താ ക്ലോസിന്റേതല്ലെന്നാണ് ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ സ്വാമി വിവേക്സാഗര്‍ മഹാരാജ് പറയുന്നത്. വെല്‍വെറ്റുകൊണ്ടാണ് അത് നിര്‍മ്മിച്ചത്. അതിനാല്‍ ഞങ്ങള്‍ ഹനുമാനെ അത് ധരിപ്പിക്കാന്‍ ശ്രമിച്ചു. ആരുടെയും വികാരം വ്രണപ്പെടുത്തുകയെന്ന ലക്ഷ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. പ്രതിഷേധവുമായി കൂടുതല്‍ ആളുകള്‍ രംഗത്തെത്തിയതോടെ അധികൃതര്‍ വസ്ത്രം മാറ്റി പ്രശ്നം തത്കാലത്തേയ്ക്ക് ഒഴിവാക്കിയിട്ടുണ്ട്.






