
കൊച്ചി: അക്രമ രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന രക്തസാക്ഷിയായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ വിടവാങ്ങല്‍ സി.പി.എമ്മിന് കനത്ത നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്. അക്രമരാഷ്ട്രീയ ആരോപണത്തില്‍ സി.പി.എം പ്രതിരോധത്തില്‍ ആകുമ്പോഴെല്ലാം പാര്‍ട്ടിക്ക് ഉയര്‍ത്തിക്കാട്ടാവുന്ന പേരായിരുന്നു സൈമണ്‍ ബ്രിട്ടോ. കൂടാതെ പാര്‍ട്ടിയുടെ സൗമ്യമുഖവും സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യവും.
1983ല്‍ കെ.എസ്.യുക്കാരുടെ കുത്തേറ്റ് ശരീരം തളര്‍ന്ന സൈമണ്‍ ബ്രിട്ടോ മൂന്ന് പതിറ്റാണ്ടാണ് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കിയത്. ജീവിതം പ്രതിസന്ധിയിലായിട്ടും തളരാതെ മുന്നേറിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പുസ്തകരചനയിലും സാംസ്കാരിക പ്രവര്‍ത്തനത്തിലും സജീവമായി. അടുത്തിന്റെ ഇന്ത്യ മുഴുവന്‍ സഞ്ചരിക്കാനും അദ്ദേഹം സമയം കണ്ടെത്തി.

സംഘടനാ പ്രവര്‍ത്തനകാലത്തെ പ്രിയ സഖാവ് സീന ഭാസ്കറിനെയാണ് സൈമണ്‍ ബ്രിട്ടോ ജീവിതസഖിയാക്കിയത്. മരണം വരെ ബ്രിട്ടോയ്ക്ക് തണലായി സീന നിലകൊണ്ടു. മഹാരാജാസ് കോളജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്.എഫ്.ഐ നേതാവ് അഭിമന്യൂ സൈമണ്‍ ബ്രിട്ടോയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. സൈമണ്‍ ബ്രിട്ടോയുടെ പുസ്തകരചനയില്‍ പകര്‍ത്തി എഴുതാന്‍ അദ്ദേഹത്തെ സഹായിച്ചിരുന്നത് അഭിമന്യുവായിരുന്നു.
അഭിമന്യുവിന്റെ മരണം ബ്രിട്ടോയെ ഏറെ തളര്‍ത്തിയിരുന്നു. മഹാരാജാസ് കോളജില്‍ അഭിമന്യുവിനോട് യാത്ര പറയാന്‍ അദ്ദേഹവും എത്തിയിരുന്നു. ഒടുവില്‍ അഭിമന്യു യാത്രയായ വര്‍ഷത്തിന്റെ അവസാന ദിനത്തില്‍ സൈമണ്‍ ബ്രിട്ടോയും വിടപറഞ്ഞിരുക്കുന്നു. പാര്‍ട്ടിക്കുള്ളിലും പുറത്തും അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്ക് കനത്ത ദുഃഖം സമ്മാനിച്ചാണ് 2018 അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ബ്രിട്ടോയുടെ വിടവാങ്ങല്‍.







Comments