ശബരിമലയില്‍ സ്ത്രികള്‍ പ്രവേശിച്ചത് ഐതിഹാസിക വിജയമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സ്ത്രികള്‍ പ്രവേശിച്ചതില്‍ അതിയായ സന്തോഷമുണ്ട്. സുപ്രീം കോടതി ഉത്തരവ് നടപ്പിലായെന്നും തൃപ്തി ദേശായി പറഞ്ഞു. യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ ശുദ്ധികര്‍മ്മങ്ങള്‍ നടത്തേണ്ടതില്ല. ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിലാണെന്നും തൃപ്തി ദേശായി പ്രതികരിച്ചു.
മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നപ്പോള്‍ തൃപ്തി ദേശായി ഉള്‍പ്പെടെ അഞ്ച് പേര് അടങ്ങുന്ന സംഘം ദര്‍ശനത്തിനായി എത്തിയിരുന്നു. എന്നാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുമ്പിലുണ്ടായ വലിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് 17 മണിക്കൂറോളം വിമാനത്താവളത്തിനകത്ത് തൃപ്തിയും സംഘവും തുടര്‍ന്നു. ഒടുവില്‍ ദര്‍ശനം നടത്താനാകാതെ ഇവര്‍ മടങ്ങുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. അര്‍ദ്ധരാത്രി ഒന്നരയോടെ പമ്പയിലെത്തിയ ഇവര്‍ മൂന്നേമുക്കാലോടെ ശബരിമല സന്നിധാനത്തെത്തി ദര്‍ശനം നടത്തി. പോലീസ് ഇവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കിയിരുന്നു. മഫ്തിയിലാണ് പോലീസ് ഉണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം ആറംഗ പുരുഷ സംഘവുമുണ്ടായിരുന്നു. ഇവരാണ് വീഡിയോ പകര്‍ത്തിയതും പുറത്തുവിട്ടതും.






