
ചെന്നൈ: മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡ് സ്വദേശിനിയായ രചനകുമാരി (25)യെ ആണ് ബുധനാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.
2017ലാണ് രചന കുമാരി മദ്രാസ് ഐഐടിയില്‍ ചേര്‍ന്നതെന്ന് പോലീസ് വ്യക്തമാക്കി. ലോഹസംസ്കരണശാസ്ത്രത്തിലും മെറ്റീരിയന്‍ എന്‍ജിനീയറിംഗിലും ഗവേഷണം ചെയ്യുകയായിരുന്നു ഇവര്‍. ഞായറാഴ്ച മുതല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. വിളിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് മാതാപിതാക്കള്‍ മകളെ കുറിച്ച് തിരക്കാന്‍ അവളുടെ സുഹൃത്തുക്കളെ അറിയിച്ചത്. ഇവര്‍ മുറിയില്‍ എത്തിയപ്പോഴാണ് രചനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പുതുവര്‍ഷ ആഘോഷത്തിന് ഡിസംബര്‍ 31ന് രാത്രി രചന മുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആത്മഹത്യാകേസ് രജിസ്ററ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുന്നു. ആത്മഹത്യയ്ക്കുള്ള കാരണമാണ് അന്വേഷിക്കുന്നത്. രചനയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി ആരുംതന്നെ പറഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മലയാളിയായ ഒരു വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അവസാന വര്‍ഷം ഓഷ്യനോഗ്രാഫി വിദ്യാര്‍ത്ഥിയായിരുന്നു മരിച്ചത്.






