
കോഴിക്കോട് : ഹര്‍ത്താലിന്റെ മറവില്‍ അക്രമണം അഴിച്ചുവിടാന്‍ ആര്.എസ്.എസ് ഉപയോഗിച്ചത് ക്രിസ്മസ് അവധിക്കാലത്ത് പരിശീലനം നേടിയ പുതുതലമുറയെ. നാലു പ്രധാന പരിശീലന പരിപാടികളില്‍ ആദ്യത്തേതായ പ്രാഥമിക സംഘ ശിക്ഷാ വര്‍ഗ് (ഐ.ടി.സി ഇന്‍സ്ട്രക്ടര്‍ ട്രെയിനിങ്ങ് കോഴ്സ്)ല്‍ പങ്കെടുത്തവരാണ് ആസൂത്രിത കലാപത്തിനു നേതൃത്വം നല്‍കിയതെന്നു പോലീസ് രഹസ്യാനേ്വഷണ വിഭാഗം. ക്രിസ്മസ് അവധിക്കാലത്ത് ഏഴുദിവസത്തെ പരിശീലനമാണു നല്‍കിയത്. എല്ലാവര്‍ഷവും പ്രഥമിക സംഘ ശിക്ഷാ വര്‍ഗ് നടക്കാറുണ്ടെങ്കിലും ഈ വര്‍ഷം ശബരിമല വിഷയം കത്തിനില്‍ക്കുന്നതിനാല്‍ തെരുവില്‍ ഇറങ്ങേണ്ടിവരുമെന്നതു മുന്‍നിര്‍ത്തിയായിരുന്നു ആസൂത്രണം.
ആയുധ പരിശീലനത്തിനൊപ്പം നടക്കാറുള്ള സംവാദ പ്രഭാഷണ പരിപാടികളില്‍ ഭക്തര്‍ക്കെതിരേ കമ്യൂണിസ്റ്റു പാര്‍ട്ടി നടത്തുന്ന നീക്കങ്ങളെ ചെറുക്കുന്നതിനെക്കുറിച്ചു പ്രത്യേക ക്ലാസുകള്‍ ഉണ്ടായിരുന്നതായാണു വിവരം. മുഖം മറച്ചു പോലീസിനെ ആക്രമിക്കുന്നതിനും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനും പ്രത്യേകം പരിശീലനം സിദ്ധിച്ചവര്‍ ഇറങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു. ലാത്തിപ്രയോഗത്തെ അടവുകളിലൂടെ നേരിടുന്ന അക്രമികളുടെ ചിത്രം പലയിടങ്ങളിലും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ നടന്ന ആക്രമണങ്ങളും ആസൂത്രിതമായിരുന്നെന്നാണു കരുതുന്നത്. ആള്‍ക്കൂട്ട ആക്രമണത്തിന്റെ രീതി മാധ്യമങ്ങള്‍ പകര്‍ത്തിയാല്‍ കേരളത്തില്‍ തയാറാക്കിയ പദ്ധതി തകരുമെന്നും അതിനാല്‍ മാധ്യമങ്ങളെ അകറ്റണമെന്നും ഇവര്‍ക്കു നിര്‍ദേശം ലഭിച്ചിരുന്നതായി പറയപ്പെടുന്നു. ഹര്‍ത്താലിന്റെ മറവില്‍ കലാപമുണ്ടാക്കാനുള്ള നീക്കത്തോടു ബി.ജെ.പി നേതൃത്വം വൈമനസ്യം കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ആര്.എസ്.എസ് മറ്റു സംഘപരിവാര്‍ സംഘടനകളെ ഉപയോഗിച്ചു പദ്ധതി നടപ്പാക്കിയത്.
ശബരിമല കര്‍മ സമിതി എന്നാണു പേരെങ്കിലും സംഘപരിവാര്‍ സംഘടനകളില്പെടാത്ത ആരും കലാപത്തില്‍ പങ്കെടുത്തില്ല. കലാപത്തിന്റെ നേതൃത്വം ആള്‍ക്കൂട്ടത്തിനു നല്കി നേതാക്കള്‍ പിന്മാറുകയായിരുന്നു. അക്രമങ്ങളില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും 25 -നു താഴെ പ്രായമുള്ളവരാണ്.






