
ബീജിംഗ്: ഇന്ത്യയുടെ അത്ര വലിപ്പം വരുന്ന പ്രദേശങ്ങളെ നിരീക്ഷിക്കാന്‍ ശേഷിയുള്ള തരം അത്യാധുനിക മരിടൈംറഡാര് സംവിധാനം ചൈന വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് കനത്ത ഭീഷണി ഉയര്‍ത്തുന്ന റിപ്പോര്‍ട്ടില്‍ ചൈനയ്ക്ക് സ്വന്തം കടല്‍ ഏകദേശം പൂര്‍ണ്ണമായും നാവികസേനയ്ക്ക് നിരീക്ഷിക്കാന്‍ കഴിയുന്ന രീതിയില്‍ രാജ്യത്ത് തന്നെ നിര്‍മ്മിച്ചെടുത്തതാണ് സംവിധാനമെന്നാണ് വാര്‍ത്തകള്‍.
ചൈനീസ് കടലില്‍ ശത്രുക്കളുടെ കപ്പലില്‍ നിന്നുള്ള ആക്രമണമോ, മിസൈലുകളോ വ്യോമാക്രമണമോ തുടങ്ങി ഏതുതരത്തിലുള്ള ഭീഷണിയും ചൈനീസ് നാവിക സേനയുടെ നിരീക്ഷണത്തിലാകും. ചൈനയുടെ ഓവര്‍ ദി ഹൊറിസോണ്‍ റഡാര്‍ പ്രോഗ്രാമില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരാണ് സാങ്കേതികതയ്ക്ക് പിന്നിലെന്നാണ് ഹോങ്കോംഗിലെ പത്രമായ സൗത്ത് ചൈനാ മോര്‍ണിംഗിന്റെ റിപ്പോര്‍ട്ട്. ഹാര്‍ബിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നുള്ള ചൈനീസ് അക്കാദമി ഓഫ് സയന്‍സസ്, ചൈനീസ് അക്കാദമി ഓഫ് എഞ്ചിനീറിംഗിലെ അക്കാദമീഷ്യന് ലിയു യോംഗ്ടാനാണ് ചൈനീസ് റഡാര്‍ സാങ്കേതികത വികസിപ്പിച്ചത്.
ഇന്ത്യയുടെ വലിപ്പമുള്ള പ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ് സാങ്കേതികതയുടെ മെച്ചം. ഈ കണ്ടെത്തലിനെ തുടര്‍ന്ന് ചൈനയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞന് നല്കുന്ന 1.116 ദശലക്ഷം ഡോളര്‍ വരുന്ന പുരസ്ക്കാരം ലിയുവിന് ചൊവ്വാഴ്ച നല്കി. പദ്ധതിയുടെ ഭാഗമായിരുന്ന മറ്റൊരു മിലിട്ടറി സയന്റിസ്റ്റ് ക്വിവാന് ക്വിഹുവിന് ഗ്രേറ്റ് ഹാള്‍ ഓഫ് ദി പീപ്പിള്‍ ബഹുമതിയും ബീജിംഗില്‍ നടന്ന ചടങ്ങില്‍ ചൈനീസ് പ്രസിഡന്റ് സീ പിംഗ് സമ്മാനിച്ചു. ചൈനയുടെ ആധുനിക പ്രതിരോധ എഞ്ചിനീയറിംഗ്, ഭൂമിക്കടിയിലെ ആണവകേന്ദ്രം സൃഷ്ടിക്കുന്ന കാര്യത്തിലും നല്കിയ സംഭാവനകള്‍ മാനിച്ചാണ് ക്വുഹുവിന് പുരസ്ക്കാരം കിട്ടിയത്.
കപ്പല്‍ കേന്ദ്രീകരിച്ചുള്ള ഒടിഎച്ച് റഡാര്‍ സംവിധാനത്തില്‍ പുതിയ ഒരു സിസ്റ്റം പരീക്ഷിക്കുന്നുണ്ടെന്ന് ലീയുവിന്റെ ടീമിലെ ഉന്നതാംഗം നേരത്തേ പറഞ്ഞിരുന്നു. ഒഴുകുന്ന റഡാറിന് ദക്ഷിണ ചൈനാ കടല്‍, ഇന്ത്യന്‍ മഹാസമുദ്രം പസഫിക്ക് സമുദ്രം തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ഇടങ്ങള്‍ സംബന്ധിച്ച വിവരശേഖരണത്തിന് റഡാര്‍ സംവിധാനം ഗുണകരമാകുമെന്നാണ് ചൈനീസ് അധികൃതരുടെ പ്രതീക്ഷ.
ഈ സാങ്കേതിക വിദ്യ നേരത്തേ അമേരിക്കന്‍ പ്രതിരോധ വിഭാഗവും വികസിപ്പിച്ചെടുത്തിരുന്നു. 2016 ല്‍ സമാനമായ സംവിധാനത്തിന് അമേരിക്കന്‍ പ്രതിരോധ കരാറുകാരന് റെയ്ത്തോണ്‍ ഇതിന്റെ പേറ്റന്റ് നല്‍കിയിരുന്നു. കപ്പലുകള്‍ പുറത്തുവിടുന്ന റേഡിയോ തരംഗങ്ങള്‍ ട്രാന്‍സ്മിറ്റര്‍ വഴി പിടിച്ചെടുത്ത് സാറ്റലൈറ്റ് വഴി എയര്‍ക്രാഫ്റ്റ് കാരിയര്‍മാര്‍ക്ക് സിഗ്നലായി അയയ്ക്കുന്ന സംവിധാനമാണ് ഇത്. അതേസമയം ഇത്തരം വമ്പന്‍ ജോലികള്‍ ചൈനയ്ക്ക് പുതുമയല്ല. നേരത്തേ ന്യൂയോര്‍ക്കിന്റെ അഞ്ചു മടങ്ങ് വലിപ്പമുള്ള ആന്റീന നിര്‍മ്മിച്ചിരുന്നു. 175 ബില്യണ്‍ ഡോളറാണ് പ്രതിരോധ സംവിധാനങ്ങള്‍ക്ക് വേണ്ടി ചൈന ബജറ്റിട്ടത്.






