
പാലക്കാട് : കോയമ്പത്തൂരില്‍ വച്ച് കല്ല്യാണ്‍ ജ്വല്ലറിയുടെ ഒരു കോടി രൂപ വില വരുന്ന സ്വര്‍ണ്ണം തട്ടിയെടുത്തത് ഹൈവേ കൊള്ളക്കാരന് കോടാലി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ കൊള്ളസംഘത്തില്‍ ഉണ്ടായിരുന്ന കോടാലി ശ്രീധരന്റെ ഉറ്റ അനുയായി മലപ്പുറം വള്ളാമ്പുറം സ്വദേശിക്കായി കോയമ്പത്തൂര്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേരളത്തില്‍ തെരച്ചില്‍ തുടങ്ങി.
കോയമ്പത്തൂരിനും വാളയാറിനും ഇടയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ വാഹനം ആക്രമിച്ച് ഒരുകോടി രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. ചാവടി പെട്രോള്‍ പമ്പിനടുത്തായി ജ്വല്ലറി ജീവനക്കാര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിപ്പിച്ചാണ് കവര്‍ച്ച നടത്തിയത്.
വാളയാറിലെ ചെക്ക് പോസ്റ്റുവഴി കടന്നുപോയ വാഹനങ്ങളുടെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കൊള്ളസംഘത്തെ കുറിച്ച് സൂചന കിട്ടി. കുഴല്‍പ്പണ കടത്ത് സംഘങ്ങളെ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന കോടാലി ശ്രീധരന്റെ സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്നാണ് സൂചന. ശ്രീധരന്റെ സംഘത്തില്‍ പെട്ട മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഷംസുദ്ധീന് എന്ന നാണിയെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ മലപ്പുറത്തെയും കോഴിക്കോട്ടെയും ഹവാല സംഘങ്ങളെ കാണിച്ചാണ് ഷംസുദ്ധീനെ തിരിച്ചറിഞ്ഞത്.






