ന്യൂഡല്‍ഹി: സുപ്രീം കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ സി.ബി.ഐ മേധാവിയായി അലോക് വര്‍മ്മ തിരിച്ചെത്തിയതിന് പിന്നാലെ സി.ബി.ഐയില്‍ വീണ്ടും സ്ഥലം മാറ്റം. തല്‍സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മ്മ അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം ഗാറ്റി. ജോയിന്റ് ഡയറക്ടര്‍ അജയ് ഭട്ഗര്‍, ഡെപ്യൂട്ടി ഐജിമാരായ എം.കെ സിന്‍ഹ, തരുണ്‍ ഗൗബ, ജോയിന്റ് ഡയറക്ടര്‍ മുരുകേശന്, അഡീഷണല്‍ ഡയറക്ടര്‍ എ.കെ ശര്‍മ്മ എന്നിവരെയാണ് മാറ്റിയത്.
രാകേഷ് അസ്താനയ്ക്കെതിരായ അന്വേഷണ ചുമതല തരുണ്‍ ഗൗബ, മുരുകേശന് എന്നിവര്‍ക്കും, നല്കി. അലോക് വര്‍മ്മയുടെ ഭാവി തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ സെലക്ഷന് കമ്മറ്റി യോഗം നടന്നു കൊണ്ടിരിക്കെയാണ് വീണ്ടും കൂട്ട സ്ഥലം മാറ്റ ഉത്തരവ് അദ്ദേഹം പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ സമിതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ എന്നിവരാണ് അംഗങ്ങള്‍.
അലോക് വര്‍മ്മയ്ക്കെതിരായ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് ഖാര്‍ഖെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ ജോയിന്റ് ഡയറക്ടര്‍ രാകേഷ് അസ്താനയുമായി കടുത്ത ഭിന്നതയിലായതോടെയാണ് അലോക് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹം പുറത്തായത്. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച അലോക് വര്‍മ്മ അനുകൂല വിധി നേടിയെടുക്കുകയായിരുന്നു.






