
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ രാജി സര്‍ക്കാര്‍ എഴുതിവാങ്ങിയെന്നു സൂചന. ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനാകും പകരം ചുമതല. എന്നാല്‍, ശബരിമല മകരവിളക്ക് തീര്‍ഥാടനത്തിനുശേഷമേ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച്, ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായി നടന്ന യോഗങ്ങളില്‍ പത്മകുമാര്‍ പങ്കെടുത്തിരുന്നില്ല. പലവട്ടം അദ്ദേഹം രാജി സന്നദ്ധത അറിയിച്ചെങ്കിലും സര്‍ക്കാര്‍ പിന്തിരിപ്പിക്കുകയായിരുന്നു.
ഒടുവില്‍ അവര്‍ തന്നെ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്്. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതുമുതല്‍ സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുകയാണു സി.പി.എം. നേതാവുകൂടിയായ പത്മകുമാര്‍. വിധിക്കെതിരേ പുനഃപരിശോധനാഹര്‍ജി നല്‍കുമെന്നും തന്റെ വീട്ടില്‍നിന്നു യുവതികളാരും ശബരിമലയ്ക്കു പോകില്ലെന്നും പത്മകുമാര്‍ പറഞ്ഞതു മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന്, ആദ്യനിലപാടില്‍നിന്നു പിന്നാക്കം പോയ പത്മകുമാര്‍ പലവട്ടം മലക്കം മറിഞ്ഞു.
എന്നാല്‍, യുവതീപ്രവേശത്തോടു വിയോജിപ്പുള്ള പത്മകുമാറിനെ പിന്നീടു ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍നിന്നു സര്‍ക്കാര്‍ അകറ്റിനിര്‍ത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പത്മകുമാറിനെ തള്ളിപ്പറഞ്ഞു. ശബരിമല കര്‍മസമിതി പലവട്ടം ആറന്മുളയിലെ വീട് ഉപരോധിക്കുകയും ചെയ്തതോടെ അദ്ദേഹം കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു. മകരവിളക്കിനു മുന്നോടിയായി കഴിഞ്ഞദിവസം നടന്ന അവലോകനയോഗത്തിലും പത്മകുമാറിനെ പങ്കെടുപ്പിച്ചില്ല.






