
െവെപ്പിന്‍: വടക്കേക്കേര പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍പെട്ട മാല്യങ്കരയില്‍ ബോട്ടുകള്‍ കെട്ടുന്ന ഒരു ജെട്ടിയില്‍നിന്നും ശനിയാഴ്ച നാട്ടുകാര്‍ കണ്ടെത്തിയ 14 യാത്രാ ബാഗുകള്‍ സംബന്ധിച്ച് വടക്കേക്കര പോലീസ് നടത്തിയ അന്വേഷണമാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട റാക്കറ്റിലേക്ക് തിരിഞ്ഞത്.
ബാഗില്‍ കടലില്‍ ദീര്‍ഘയാത്രയ്ക്കായി ഉപയോഗിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളും എനര്‍ജറ്റിക് ഡ്രിങ്സുകളും വസ്ത്രങ്ങളും, മരുന്നുകളുമെല്ലാം മിഠായികളും കണ്ടെത്തിയതാണ് പോലീസിനു സംശയമുളവാക്കിയത്. ചെറായി ബീച്ചിലെ ഒരു റിസോര്‍ട്ടില്‍ നടത്തിയ അന്വേഷണത്തില്‍ ഇവിടെനിന്നും ആറു ബാഗുകള്കൂടി കണ്ടെത്തിയിരുന്നു.
റിസോര്ട്ടുടമകളെയും ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തെങ്കിലും പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് മുനമ്പം പോലീസ് പറഞ്ഞു. റിസോര്‍ട്ടുകളിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. അതേ സമയം ദൗത്യം പരാജയപ്പെട്ട് സംഘം തിരിച്ചുപോയിരിക്കുമോയെന്ന സംശയവും പോലീസിനുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം ഏതാണ്ട് 55 ഓളം പേര് സംഘത്തിലുണ്ടെന്നാണ് വിവരം. ചില സ്ത്രീകള്‍ ഗര്ഭിണികളാണത്രേ. ഇതില്‍ ഒരു സ്ത്രീ ചെറായില്‍ എത്തും മുമ്പ് ചോറ്റാനിക്കരയില്വെച്ച് പ്രസവിച്ചിരുന്നു.
ഈ കുട്ടിയെ കുഴുപ്പിള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുവരുകയും ചെയ്തിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനിടെ ഇന്നലെ കൊടുങ്ങല്ലൂര്‍ തെക്കേ നടയിലെ ആല്‍ത്തറയില്‍നിന്നും 62 ബാഗുകള്‍ അനാഥമായ നിലയില്‍ പോലീസ് കണ്ടെത്തിട്ടുണ്ട്. ഇത് മുനമ്പംവഴി ഓസ്ട്രേലിയയിലേക്ക് തിരിക്കാനായി എത്തിയ സംഘത്തിന്റേതാണെന്നാണ് പോലീസ് പറയുന്നത്.
ഇവരെല്ലാംതന്നെ താമസിച്ചിരുന്നത് ചെറായി ബീച്ചിലെ ചില ചെറുകിട റിസോര്‍ട്ടുകളിലാണ്. ഈ മാസം അഞ്ചിനും ആറിനുമായാണ് സംഘം ചെറായി ബീച്ചിലെത്തിയത്. ഈ മാസം 12 ന് പുലര്‍ച്ചെ ഈ സംഘം ഒരു മിനിബസില്‍ കയറിയതായി വിവരം ലഭിച്ചുവെങ്കിലും പിന്നീട് ഇവര്‍ എങ്ങോട്ട് പോയെന്നകാര്യത്തില് വ്യക്തതയില്ല. വാഹനം പോലീസിനു ട്രേസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ല. അതേസമയം ഇതില്‍ ചിലര്‍ ഓട്ടോറിക്ഷയില്‍ നെടുമ്പാശേരി ഭാഗത്തേക്ക് പോയിട്ടുള്ളതായി അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
മാത്രമല്ല ചെറായി ബീച്ചില്‍ റൂം എടുത്തപ്പോള്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പര്‍ ട്രേയ്സ് ചെയ്തപ്പോള്‍ ഈ നമ്പര്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഒരു ടവറിന്റെ പരിധിയിലാണത്രേ കണ്ടെത്തിയത്. കേസ് ഇപ്പോള്‍ കേരളാ പോലീസിനു പിന്നാലെ ഐ.ബിയും,എന്‍.ഐ.എയും ഏറ്റെടുത്ത് അന്വേഷിച്ചുവരികയാണ്.
ശ്രീലങ്കയില്‍നിന്നുള്ള തമിഴ് വംശജരായിരുന്ന അഭയാര്‍ഥികളായിരുന്നു കേരള തീരത്തുനിന്നു ഇതിനു മുമ്പ് ഓസ്ട്രേലിയയിലേക്ക് പോയിരുന്നത്. പോകുന്നതിനു മുമ്പ് ലോഡ്ജുകളില്നിന്നു പിടിക്കപ്പെട്ടവരാണ് അധികം. യാത്ര ആരംഭിച്ചവരെ കടലില്‍വച്ചു പിടികൂടിയതായി വിവരങ്ങളില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. ശ്രീലങ്കയിലെയും തമിഴ്നാട്ടിലെയും അഭയാര്ഥികേന്ദ്രങ്ങളിലേക്ക് മുനമ്പത്തുനിന്നു ഫോണ്‍ സന്ദേശങ്ങള്‍ പോയത് കണ്ടെത്തിയതാണ് പലരും പിടിയിലാകാന്‍ കാരണം. ഇവര്‍ക്കു പ്രാദേശിക സഹായം ലഭിച്ചിരുന്നു.
മനുഷ്യക്കടത്തിനായി ഏജന്റുമാര്വരെ സജീവമായിരുന്നു. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്കായിരുന്നു മനുഷ്യക്കടത്ത്. ക്രിസ്മസ് ദ്വീപിലെത്തി ഓസ്ട്രേലിയന്‍ പോലീസിനുമുന്നില്‍ കീടങ്ങുകയാണ് രീതി. തുടര്‍ന്ന് മൂന്നുമാസം ജയിലില്‍ അടച്ചശേഷം പുറത്തുവിടുകയാണ് ചെയ്യുന്നത്. പിന്നീട് ഇവര്‍ ഓസ്ട്രേലിയയില്‍ കഴിയുന്നതിന് സാങ്കേതികമായി അനുമതി നേടുകയാണ് ചെയ്യുന്നത്. യാത്രാമധ്യേ കടല്‍ക്കൊള്ളക്കാര്‍, മറ്റു രാജ്യങ്ങളുടെ തീരസംരക്ഷണ സേന, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം എന്നിവയെ അതിജീവിക്കേണ്ടിവരും.
കൊണ്ടുപോകുന്ന ഭക്ഷണം തീര്‍ന്നുപോയാല്‍ മത്സ്യം പിടിച്ചാണ് കഴിയുക. ഇന്ധനം തീര്‍ന്നുപോകാതിരിക്കാന്‍ പരമാവധി കൊണ്ടുപോകും. യാത്ര നോണ്‍സ്റ്റോപ്പ് ആണ്. അത്യാധുനിക കപ്പലില്‍ ഓസ്ട്രേലിയയിലേക്കുപോയാല് യാത്രയ്ക്ക് ഏഴുദിവസം വേണ്ടിവരുമെന്ന് നേവി വ്യക്തമാക്കി. എന്നാല്‍, ബോട്ട്യാത്രയ്ക്കുവേണ്ടിവരുന്നത് 30 മുതല്‍ 40 ദിവസംവരെ. അതുകൊണ്ടുതന്നെ ജീവന് പണയപ്പെടുത്തിയുള്ളതാണീ യാത്ര. കടലില്‍ ഗതാഗതം, മീന്‍പിടുത്തം എന്നിവ കുറഞ്ഞവേളയിലാണ് യാത്രയ്ക്കു തെരഞ്ഞെടുക്കുന്നത്. സാധാരണ കപ്പല്ചാലുകളിലൂടെയോ കടല്‍ സഞ്ചാര പാതകളിലൂടെയോ അല്ല ഇത്തരംബോട്ടുകള് സഞ്ചരിക്കുക. അതുകൊണ്ടുതന്നെ പിടിക്കപ്പെടാനുള്ള സാധ്യതകുറവും.
ഓസ്ട്രേലിയയില്‍ കുടിയേറ്റ നിയമം കര്ക്കശനമാക്കിയതോടെ കടല്‍താണ്ടി എത്തുന്ന അനധികൃത യാത്രികരെ നിരീക്ഷിക്കാനും പിടികൂടാനും കര്‍ശന നിര്‍ദേശമുണ്ട്. മതതീവ്രവാദികള്‍ ഇത്തരത്തില്‍ കടന്നുവരുന്നുവെന്ന സംശയമാണ് പരിശോധന കര്‍ശനമാക്കാന്‍ കാരണമാക്കിയത്. ഇതോടെ അഭയാര്‍ഥി പ്രവാഹവും കുറഞ്ഞിരുന്നു. ഇതൊന്നമറിയാതെ എത്തുന്നവരുടെ ഭാവി എന്താണെന്ന് ആര്‍ക്കും തിട്ടമില്ല.
മനുഷ്യക്കടത്തിന് കേരള തീരം തെരഞ്ഞെടുക്കുന്ന തമിഴ്നാട് സംഘങ്ങള്‍ മുനമ്പത്ത് പരിശോധന കര്‍ശനമാക്കിയതോടെ കടത്ത് ബോട്ടുകളുടെ നിമാണം ബേപ്പൂരിലേക്കു മാറ്റി. 2015 ലാണ് മനുഷ്യക്കടത്ത് ഏജന്റുമാരായ ശ്രീലങ്കക്കാര്‍ ഉള്‍പ്പെട്ട 13 അംഗ സംഘത്തെ ഏറ്റവും ഒടുവില്‍ മുനമ്പം പോലീസ് പിടികൂടിയത്.ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ മൂത്തകുന്നത്തുനിന്നു പഴയ ബോട്ട് ഏഴുലക്ഷം രൂപയ്ക്ക് വാങ്ങിയ സംഘം കരാര്‍ ഉറപ്പിച്ച് ഒരാളില്‍നിന്നു ഒരുലക്ഷം രൂപ വീതം ഈടാക്കി പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് പിടിവീണത്.
ഇതിനു മുമ്പ് തമിഴ്നാട് ക്യൂ ബ്രാഞ്ച് 2008 ല്‍ മുനമ്പത്ത് നിര്‍മാണത്തിലിരുന്ന ഒരു ബോട്ട് കസ്റ്റഡിയിലെടുത്തിരുന്നു. കള്ളക്കടത്തിനുവേണ്ടി ബോട്ട് നിര്‍മിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് അന്വേഷണ സംഘമെത്തിയത്. എന്നാല്‍ ബോട്ട് ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇക്കുവേണ്ടി നിര്‍മിക്കുന്നതാണെന്നു കണ്ടെത്തുകയായിരുന്നു.മംഗലാപുരത്തുനിന്നാണ് ബോട്ട് നിര്‍മാണത്തിന് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ മുനമ്പത്ത് എത്തിയിരുന്നത്. ബോട്ട് നിര്‍മാണത്തിനു പണം മുടക്കുന്നവരുടെ വിലാസം മിക്കപ്പോഴും വ്യാജമായിരിക്കും. ഒരു കോടി രൂപയോളം വിലവരുന്ന ബോട്ടിനുവേണ്ടി പണം മുടക്കുന്നതാരാണെന്നും അറിയാന്‍ കഴിയില്ല.
50000 രൂപ കെട്ടിവച്ചാല്‍ ആര്‍ക്കും ബോട്ട് നിര്‍മാണ പെര്‍മിറ്റ് കിട്ടും. മല്‍സ്യബന്ധന ബോട്ടിനുവേണ്ടി പെര്‍മിറ്റ് വാങ്ങിയവര്‍ക്ക് നിശ്ചിത അളവിലും കൂടുതല്‍ വലുപ്പത്തില്‍ ദീര്‍ഘയാത്രയ്ക്ക് കഴിയുംവിധം ചട്ടവിരുദ്ധമായി ബോട്ട് നിര്‍മിച്ചുനല്‍കുന്ന കേന്ദ്രങ്ങള്‍ മാല്യങ്കരയിലും മറ്റുമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ഇവിടെ തുടര്‍ച്ചയായ പരിശോധന നടത്താറില്ലെങ്കിലും എല്‍.ടി.ടി.ഇയുടെ സാന്നിധ്യം സംശയിക്കപ്പെട്ടതോടെ ബോട്ട് നിര്‍മാതാക്കള്‍ മുനമ്പംതീരത്തെ െകെയൊഴിഞ്ഞ് ബേപ്പൂരിലേക്കുംമറ്റും കേന്ദ്രം മാറ്റിയിട്ടുണ്ട്. ബേപ്പൂരില്‍ ഉരു നിര്‍മാണ വിദഗ്ധരുണ്ടെങ്കിലും മല്‍സ്യബന്ധന ബോട്ട് നിര്‍മാണ വിദഗ്ധരുള്ളത് കൊച്ചി മാല്യങ്കരയിലാണ്. മരത്തിനു പകരം ഉരുക്കില്‍ നിര്‍മിക്കുന്ന ഇപ്പോഴത്തെ ബോട്ടുകള്‍ അതി െവെദഗ്ധ്യം ആവശ്യമുള്ളതാണ്. മുനമ്പം മേഖലയിലെ നിര്‍മാണ വിദഗ്ധര്‍ പലരും ഇപ്പോള്‍ ബേപ്പൂര്‍ കേന്ദ്രീകരിച്ചാണ് ജോലി ചെയ്യുന്നത്.
ബോട്ട് നിര്‍മാണത്തില്‍ ഇടക്കാലത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണവും പിന്മാറ്റത്തിനു കാരണമായി. ഫിഷറീസിന്റെയും മര്‍ക്കന്റയിന്‍ മെറെന്‍ വകുപ്പിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് സംഘടിപ്പിച്ചാണ് മനുഷ്യക്കടത്തിനുവേണ്ടി ചെറിയ കപ്പലിന്റെ മാതൃകയില്‍ ബോട്ട് നിര്‍മിക്കുന്നത്. മാല്യങ്കരയിലെ സ്വകാര്യ യാര്‍ഡുകളും വാടകയ്ക്ക് കൊടുക്കുന്ന കടവുകളും പോലീസ് നിരീക്ഷണത്തിലായതോടെയാണ് മുനമ്പത്തെ ബോട്ട് നിര്‍മാണം കുറഞ്ഞത്.
മെറെന്‍ പമ്പുകളില്‍നിന്നു കൂറ്റന്‍ ടാങ്കറുകളില്‍ മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് എന്ന പേരില്‍ ഡീസല്‍ നിറയ്ക്കുന്നത് ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന മനുഷ്യക്കടത്തിനു വേണ്ടിയാണോ ഉപയോഗിക്കുന്നത് എന്നും സംശയമുണര്‍ന്നിട്ടുണ്ട്.






