
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്കുകള്‍ കുറച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസും ഗോ എയറും ഇന്‍ഡിഗോയും നിരക്ക് കുറച്ചു. അബുദാബിയിലേക്കുള്ള നിരക്ക് കഴിഞ്ഞ മാസം 30,000 രൂപയിലേറെ ആയിരുന്നത് ആറായിരം രൂപയായി കുറഞ്ഞു. കണ്ണൂര്‍-അബുദാബി റൂട്ടില്‍ 6099 രൂപ മുതലാണ് ഗോ എയറിന്റെ ടിക്കറ്റ് നിരക്ക് തുടങ്ങിയത്. തിരികെ 7999 മുതലാണ് നിരക്ക്.
കണ്ണൂരില്‍ നിന്ന് മസ്ക്കറ്റിലേക്ക് 4999 രൂപ മുതലും തിരികെ 5299 രൂപയുമാണ് നിരക്ക്. മാര്‍ച്ച് ഒന്ന് മൃതല്‍ ആഴ്ചയില്‍ നാല് ദിവസം വീതമാണ് ഗോ എയര്‍ അബുദാബി റൂട്ടില്‍ സര്‍വീസ് നടത്തുക. മാര്‍ച്ച് 15 മുതല്‍ കുവൈറ്റിലേക്കും ദോഹയിലേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സും സര്‍വീസ് തുടങ്ങും.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്നാണ് കണ്ണൂരില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് കുറഞ്ഞത്. കണ്ണൂരില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര-ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് വിമാന കമ്പനി സി.ഇ.ഒമാരുമായി നടത്തിയ യോഗത്തില്‍ നിരക്ക് കുറയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.






