
കൊച്ചി : സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ സംശയമുള്ളതായി ഭാര്യ സീന ഭാസ്കര്‍. ബ്രിട്ടോ ഹൃദ്രോഗി ആയിരുന്നില്ല. അദ്ദേഹത്തിനൊപ്പം ആ സമയത്ത് ഉണ്ടായിരുന്നവര്‍ പലതരത്തിലാണ് മരണത്തെ കുറിച്ച് വിശദീകരിക്കുന്നത്.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ അദ്ദേഹത്തിന്റെ വയസ്സ് ഉള്‍പ്പെടെയുള്ള പല വിവരങ്ങളും തെറ്റായിരുന്നുവെന്നും അവസാന നാളുകളില്‍ ബ്രിട്ടോയ്ക്ക് കൃത്യമായ പരിചരണം കിട്ടിയിരുന്നില്ലെന്നും സീന പറഞ്ഞു. ബ്രിട്ടോയുടെ മരണത്തില്‍ പാര്‍ട്ടിക്കാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ബ്രിട്ടോയെ കൊണ്ടുപോകാനെത്തിയ വാഹനത്തില്‍ ഓക്സിജനുണ്ടായിരുന്നില്ല. ഓക്സിജനുള്ള ആംബുലന്‍സ് വേണമെന്ന് ബ്രിട്ടോ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അത് ഇല്ലാത്ത വാഹനമാണ് കൊണ്ടുവന്നതെന്നും സീന പറയുന്നു.
സ്വന്തം ആരോഗ്യത്തെക്കുറിച്ച് കൃത്യമായ ധാരണകള്‍ ഉള്ളയാളാണ് ബ്രിട്ടോ. ചിട്ടകളോടെയാണ് ജീവിച്ചിരുന്നത്. എന്താണ് ബ്രിട്ടോയ്ക്ക് സംഭവിച്ചതെന്ന് തനിക്ക് അറിയാന്‍ അവകാശമുണ്ടെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സീന പ്രതികരിച്ചു. ബ്രിട്ടോയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാരിനെ സമീപിക്കും. അടുത്ത സുഹൃത്ത് കൂടിയായിരുന്ന ധനമന്ത്രി തോമസ് ഐസകിനെ കണ്ട് അന്വേഷണം ആവശ്യപ്പെടുമെന്നും സീന പറഞ്ഞു.






